വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ തുടരുന്നു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നല്‍കി.
തര്‍ക്കിക്കാനുള്ള സമയമല്ല ഇതെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ച് നില്‍ക്കണമെന്നും ആന്റണി പറഞ്ഞു. കേരളത്തിലെ ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണം. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സാമ്പത്തികമായും മറ്റു തരത്തിലും പരമാവധി സഹായം നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ആന്റണി അഭ്യര്‍ത്ഥിച്ചു.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.