ആറുവര്‍ഷത്തിനു ശേഷം കൺസ്യൂമർഫെഡ് ഉയര്‍ത്തെഴുന്നേറ്റു; നടപ്പുസാമ്പത്തിക വർഷം ലാഭം 23.48 കോടി

Webdunia
തിങ്കള്‍, 2 ജനുവരി 2017 (08:00 IST)
ആറുവര്‍ഷത്തിനുശേഷം കൺസ്യൂമർഫെഡ് ലാഭത്തില്‍. നടപ്പു സാമ്പത്തിക വർഷം 23.48 കോടിയുടെ പ്രവർത്തന ലാഭമാണ് കൺസ്യൂമർഫെഡിനുണ്ടായതെന്ന് മാനേജിങ് ഡയറക്ടർ ഡോ. എം. രാമനുണ്ണിയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം. മെഹബൂബും അറിയിച്ചു. 
 
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കൊടുത്തു തീർക്കാനുണ്ടായിരുന്ന നിക്ഷേപങ്ങൾക്ക് 12.39 കോടിരൂപ പലിശ ഇനത്തില്‍ നൽകി. കൂടാതെ കൺസ്യൂമർ ഫെഡിനുള്ള സാധനങ്ങൾ എത്തിച്ചിരുന്ന സപ്ലയർമാരുടെ കുടിശിക കൊടുത്തു തീർക്കുന്നതിനായി ചാർ‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ നേതൃത്വത്തിൽ പരിശോധനകൾ നടന്നു വരുകയാണെന്നും ഇരുവരും അറിയിച്ചു. 
 
വിദേശമദ്യ ഷാപ്പുകളിലെ നടത്തിപ്പ് ചെലവ് 12ശതമാനത്തിൽ നിന്ന് ഒൻപതു ശതമാനമായി കുറച്ചിട്ടുണ്ട്. വരുന്ന മാർച്ച് മാസത്തോടെ 100 കോടിയുടെ ലാഭമാണ് വിദേശമദ്യ ഷാപ്പുകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. റിബേറ്റ് നൽകിയ ഇനത്തിൽ 25 കോടിയാണ് സർക്കാർ നൽകാനുള്ളത്. അതോടൊപ്പം ആരോപണ വിധേയരായ 72 ജീവനക്കാർക്കെതിരെയുള്ള അന്വേഷണം ധ്രുതഗതിയിൽ നടന്നു വരികയാണെന്നും ഇവര്‍ വ്യക്തമാക്കി. 
Next Article