അടൂർ പ്രകാശിനു തിരിച്ചടി; ത്വരിത പരിശോധനയ്ക്ക് സ്റ്റേ ഇല്ല

Webdunia
വെള്ളി, 1 ഏപ്രില്‍ 2016 (13:06 IST)
സന്തോഷ് മാധവൻ ഇടനിലക്കാരനായ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി അടൂർ പ്രകാശിനെതിരെ ഉത്തരവിട്ട വിജിലൻസിന്റെ ത്വരിത പരിശോധനയ്ക്ക് സ്റ്റേ ഇല്ല. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുൾപ്പെടെ അഞ്ച് പേർക്കെതിരെ ത്വരിത പരിശോധന നടപ്പിലാക്കുവാൻ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് മന്ത്രി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി സ്റ്റേ നിഷേധിക്കുകയായിരുന്നു.
 
റവന്യൂമന്ത്രിക്ക് പുറമെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിവാദസ്വാമി സന്തോഷ് മാധവന്‍ എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു വിജിലൻസ് കോടതിയുടെ ഉത്തരവ്. ഇതിനെ പിന്താങ്ങിക്കൊണ്ട് നിഷ്പക്ഷമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.
 
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സന്തോഷ് മാധവന്റെ കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തുകൊടുത്തു എന്നാണ് മന്ത്രിയടക്കമുള്ളവർക്കെതിരെ ഉയർന്ന ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കെതിരേയും ആരോപണങ്ങ‌ൾ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയുള്ളുവെന്ന് കോടതി വിശദീകരിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം