ധര്‍മജന്‍ പൊലീസ് ക്ലബ്ബിലെത്തിയത് ഒരു കാര്യം വ്യക്തമാക്കാന്‍; ദിലീപിന്റെ സഹോദരനെ വിളിച്ചു വരുത്തി - അന്വേഷണം ശക്തം
ബുധന്‍, 5 ജൂലൈ 2017 (15:40 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിന്റെ സഹോദരൻ അനൂപിനെയും പൊലീസ് വിളിച്ചു വരുത്തി. ആലൂവ പൊലീസ് ക്ലബിലേക്കാണ് അനൂപിനെ അന്വേഷണ സംഘം വിളിച്ചു വരുത്തിയത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ആലൂവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് അനൂപിനെയും വിളിപ്പിച്ചത്. ഡിവൈഎസ്പി വിളിപ്പിച്ചിട്ടാണ് താന്‍ വന്നതെന്ന് ധര്‍മ്മജന്‍ വെളിപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംവിധായകന്‍ നാദിര്‍ഷയേയും നടന്‍ ദിലീപിനേയും പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ധര്‍മജനേയും വിളിപ്പിച്ചിരിക്കുന്നത്.
ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയിരുന്നു. ദിലീപ് നിര്‍മിച്ച് നാദിര്‍ഷ സംവിധാനം ചെയ്‌ത കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ എന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ പ്രധാനം വേഷം കൈകാര്യം ചെയ്‌തിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ സുനി എത്തിയിരുന്നോ എന്നറിയാനാണ് ധര്‍മ്മജനെ പൊലീസ് വിളിച്ചു വരുത്തിയതെന്നാണ് സൂചന.
പള്‍സര്‍ സുനി ജയിലിൽ നിന്നും നാദിർഷായേയും ദിലീപിന്റെ മാനേജരായ അപ്പുണ്ണിയേയും ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിരുന്നു. ഫോണ്‍ സംഭാഷണത്തില്‍ നിന്നും ഇരുവരുമായി സുനിക്കുള്ള ബന്ധത്തിന്റെ ശക്തമായ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനേത്തുടര്‍ന്നാണ് വീണ്ടും ചോദ്യാവലി തയാറാക്കുന്നത്.