കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഒരു അഭിഭാഷകനെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ അഡ്വ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ പോലീസ് ക്ലബിൽ രാജു ജോസഫിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് കാർ കസ്റ്റഡിയിലെടുത്തത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാർഡും നശിപ്പിക്കാൻ കൊണ്ടു പോയത് ഈ കാറിലാണെന്നാണ് സൂചന. അതേസമയം തന്നെ ഇയാളിൽനിന്നും ലഭിച്ച മെമ്മറി കാര്‍ഡ് പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജുവിനെ വീണ്ടും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചത്.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് പൊലീസ് ആവശ്യപ്പെട്ട പ്രകാരം രാജു ജോസഫ് വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരായത്. കേസില്‍ മൂന്നാംതവണയാണ് രാജു ജോസഫിനെ ചോദ്യം ചെയ്യുന്നത്.