കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ അറസ്‌റ്റ് ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ലോക്‍നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍ നിന്നും മതിയായ തെളിവുകള്‍ ലഭിച്ചാല്‍ കാവ്യയെ അറസ്‌റ്റ് ചെയ്‌തോളാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ അറസ്‌റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ ആദ്യ മൊഴിയാണ് അവര്‍ക്ക് വിനയായത്.
മൂന്ന് മാസം കാവ്യയുടെ ഡ്രൈവറായിരുന്ന സുനി അടൂര്‍ ഗോപാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ‘പിന്നെയും’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എത്തിയതിനും ഇരുവരും ഒന്നിച്ച് കാറില്‍ യാത്ര ചെയ്‌തതിനും തെളിവുകള്‍ പൊലീസിന് ലഭിച്ചതാണ് അറസ്‌റ്റിന് കാരണമാകുന്നത്.
ഈ സാഹചര്യത്തില്‍ അപ്പുണ്ണിയെ ചോദ്യം ചെയ്‌ത ശേഷം കാവ്യയെ അന്വേഷണ സംഘം വീണ്ടും ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. നോട്ടീസ് അയച്ചിട്ടും എത്തിയില്ലെങ്കില്‍ വീട്ടിലെത്തി അറസ്‌റ്റ് ചെയ്യും.
നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ഗായികയും നടിയുമായ റിമി ടോമി കാവ്യയുമായി ഫോണില്‍ സംസാരിച്ചതിന്റെയും തെളിവുകള്‍ ലഭിച്ചു. രാത്രി ഒമ്പതിനും പതിനൊന്നിനും ഇടയിലാണ് ഫോണ്‍ സംഭാഷണം നടന്നിരിക്കുന്നത്. കാവ്യ അറസ്‌റ്റിലായാല്‍ ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് റിമിയേയും ചോദ്യം ചെയ്യും.
അപ്പുണ്ണിയെ ചോദ്യം ചെയ്താല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അപ്പുണ്ണിക്ക് വേണ്ടി പൊലീസ് പലയിടത്തും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് അപ്പുണ്ണി മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അപ്പുണ്ണിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.