വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും മാറ്റണമെന്ന ആവശ്യവുമായി കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി. ഇക്കാര്യം ഉന്നയിച്ച് സുനി എറണാകുളം സിജെഎം കോടതിയെ സമീപിച്ചു.
വിയ്യൂർ സെൻട്രൽ ജയിലിൽ ചികിത്സാ സഹായം പോലും കിട്ടുന്നില്ല. അതിനാൽ ഇവിടെ നിന്നും എറണാകുളത്തെ എതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും സുനിയുടെ അഭിഭാഷകൻ കോടതിയെ അറയിച്ചു.
കളമശേരി ജയിലിൽ തടവുകാരും ജയിൽ ജീവനക്കാരും മർദ്ദിക്കുന്നുവെന്നും ജയില്‍ അധികൃതര്‍ അതിനു കൂട്ടു നില്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം സുനി അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും തുടര്‍ന്ന് വിയ്യൂരിലേക്ക് മാറുകയുമായിരുന്നു.
അതേസമയം, കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായ്ക്കു പങ്കുണ്ടോ എന്ന കാര്യം ‘വിഐപി’ പറയട്ടെ എന്നും അദ്ദേഹം തയ്യാറായില്ലെങ്കില്‍ വിസ്താര സമയത്ത് ഇക്കാര്യം താന്‍ തന്നെപറയാമെന്നും സുനി പറഞ്ഞു.
റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങളോടായിരുന്നു സുനി ഇക്കാര്യം പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് സുനിയുടെ ഈ പ്രതികരണം.