കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ആശ്വാസം. അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കാൻ പോകാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നൽകി.
ബുധനാഴ്ച ജയിലില്‍ നിന്ന് വീട്ടിലെത്താനും ചടങ്ങില്‍ പങ്കെടുക്കാനും മാത്രമാണ് അനുമതി. ആലുവ മണപ്പുറത്തും ദിലീപിന്‍റെ വീട്ടിലുമാണ് ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിന് ശേഷം അന്നുതന്നെ ജയിലില്‍ മടങ്ങിയെത്തണം. പുറത്തു പോകുന്ന ദിലീപിന് പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സെപ്റ്റംബർ ആറിനു രാവിലെ എഴു മുതൽ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തെങ്കിലും കോടതി താരത്തിന് അനുമതി നല്‍കുകയായിരുന്നു.