തുടരന്വേഷണം പൂർത്തിയാക്കാൻ തിങ്കളാഴ്ച വരെ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ മാറിയതും ദിലീപിന് അനുകൂലമായി മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ പരാമർശങ്ങളും അന്വേഷണത്തിന് വിധേയമാക്കാനുണ്ടെന്ന് അന്വേഷണസംഘം ചൂണ്ടികാണിച്ചിരുന്നു.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആരെല്ലാമാണ് കണ്ടെതെന്ന് കണ്ടെത്തണെമെന്ന് വിചാരണക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. മൂന്ന് വ്യത്യസ്തകോടതികളുടെ കസ്റ്റഡിയിലായിരുന്ന കാലത്ത് മൂന്ന് തവണ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ മാറിയതായാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്. ഒരു തവണ ലാപ്പ്ടോപ്പിലും മറ്റ് രണ്ട് തവണ ആൻഡ്രോയ്ഡ് ഫോണിലുമാണ് കാർഡ് ഉപയോഗിക്കപ്പെട്ടത്. 8 വീഡിയോ ഫയലുകളാണ് മെമ്മറി കാർഡിലുള്ളത്.