ക്ലബ് ഹൗസില്‍ ട്രാന്‍സ്‌ഫോബിക്ക് ചര്‍ച്ച നടത്തി സാബുമോന്‍; എതിര്‍ അഭിപ്രായങ്ങളോട് അസഹിഷ്ണുത, നടനെതിരെ പ്രതിഷേധം ശക്തം

ശനി, 10 ജൂലൈ 2021 (18:42 IST)
ട്രാന്‍സ് വ്യക്തികള്‍ക്കെതിരെ മോശം പ്രസ്താവനകളും പരാമര്‍ശങ്ങളുമായി നടനും ബിഗ് ബോസ് സീസണ്‍ ഒന്ന് വിജയിയുമായ സാബുമോന്‍. ചര്‍ച്ചയിലുടനീളം ട്രാന്‍സ്‌ഫോബിക്ക് പരാമര്‍ശങ്ങള്‍ നടത്തിയ സാബുമോന്‍ ചര്‍ച്ചയുടെ അവസാനം താനൊരു ട്രാന്‍സ്‌ഫോബിക്ക് ആണെന്ന് പറയുകയും ചെയ്യുന്നുണ്ട്. 
 
'ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ,' 'ട്രാന്‍സ്‌വുമണ്‍ ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?' തുടങ്ങിയ തലക്കെട്ടുകളോടെയാണ് സാബുമോന്‍ ചര്‍ച്ച ആരംഭിച്ചത്. ട്രാന്‍സ് വ്യക്തികളും ആക്ടിവിസ്റ്റുകളും ചര്‍ച്ചയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ചര്‍ച്ചയില്‍ ഇടപെടുകയും ചര്‍ച്ചയുടെ തലക്കെട്ട് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, സാബുമോന്‍ ചര്‍ച്ച തുടരുകയായിരുന്നു. വിവേചനപരമായ വാക്കുകള്‍ സാബുമോന്‍ ഉപയോഗിച്ചപ്പോള്‍ അത്തരം പദപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന് ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും സാബുമോന്‍ അത് തുടര്‍ന്നു. ഇത്തരം വിവേചനപരമായ വാക്കുകള്‍ ഉപയോഗിക്കാന്‍ തനിക്ക് ഒരു ഉളുപ്പും ഇല്ലെന്നും സാബുമോന്‍ പറയുന്നുണ്ട്. 
 
ചര്‍ച്ചയില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയവരോട് അസഹിഷ്ണുതയോടെയാണ് സാബുമോന്‍ പെരുമാറിയത്. വിമര്‍ശനമുന്നയിച്ചവരെ 'വലിഞ്ഞു കയറി വന്നവര്‍' എന്നും ചര്‍ച്ചയുടെ പല ഘട്ടങ്ങളില്‍ സാബുമോന്‍ വിശേഷിപ്പിച്ചു. ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണോ എന്ന ചോദ്യം ചര്‍ച്ചയുടെ പലഘട്ടങ്ങളിലും സാബുമോന്‍ ഉന്നയിച്ചു. താനൊരു ട്രാന്‍സ്‌ഫോബിക് ആണെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നും സാബുമോന്‍ ചോദിക്കുന്നുണ്ട്. 
 
സാബുമോനും ഗ്രൂപ്പിലുള്ളവര്‍ക്കുമെതിരെ പരാതി നല്‍കുമെന്ന് ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം പറഞ്ഞു. സംസാരിക്കാന്‍ ഗ്രൂപ്പില്‍ കയറുന്ന ക്വിയര്‍ സുഹൃത്തുക്കളെ സംസാരിക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ടുവെന്നും വലിഞ്ഞു കയറി വന്നവരാണെന്ന തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അര്‍ജുന്‍ പി.സി. എന്ന മെഡിക്കല്‍ വിദ്യാര്‍ഥി ആരോപിച്ചു. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍