സി ദിവാകരനെയും രാമചന്ദ്രന്‍ നായരെയും തരംതാഴ്ത്തി

Webdunia
ശനി, 9 ഓഗസ്റ്റ് 2014 (15:38 IST)
തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സി ദിവാകരനെയും  പി രാമചന്ദ്രന്‍നായരെയും തരംതാഴ്ത്തി. ഇരുവരെയും നിര്‍വാഹകസമിതിയില്‍‌നിന്ന് ഒഴിവാക്കി. വെഞ്ഞാറമൂട് ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. സിപിഐ നിര്‍വാഹക സമിതി യോഗത്തിന്റേതാണ് തീരുമാ‍നം. ഇതെത്തുടര്‍ന്ന് സംസ്ഥാന കൌണ്‍സിലില്‍ പങ്കെടുക്കാതെ ശശി മടങ്ങി. മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ കടുത്ത അച്ചടക്ക നടപടിക്കാണ് സിപി‌ഐ നിര്‍വാഹകസമിതി തുടക്കമിട്ടിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ ഒഴിവാക്കാനും ദേശീയ കൌണ്‍സിലിന് ശുപാര്‍ശ ചെയ്തു. 
 
അതേസമയം പരാജയത്തിന്റെ പേരില്‍ നേരിടുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി‍. ആരോപണങ്ങളില്‍ അതീവ ദുഃഖിതനാണെന്നും ഈ നിലയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും പന്ന്യന്‍ അറിയിച്ചു. പാര്‍ട്ടി എക്‌സിക്യുട്ടീവ് യോഗത്തിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് പന്ന്യന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പന്ന്യന്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 
യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന ആവശ്യംവരെ അംഗങ്ങള്‍ ഉയര്‍ത്തി. പല ഘട്ടങ്ങളിലും യോഗം  നിയന്ത്രിക്കാന്‍ നേതൃത്വം പാടുപെട്ടു. ബെന്നറ്റിനെ പണം വാങ്ങി സ്ഥാനാര്‍ഥിയാക്കാന്‍ മുന്‍കൈ എടുത്തുവെന്നു കമ്മിഷന്‍ കണ്ടെത്തിയ സി ദിവാകരന്‍, പി രാമചന്ദ്രന്‍നായര്‍, വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ കടുത്ത ആരോപണമാണ് ഉയര്‍ന്നത്. 
 
ബെന്നറ്റ് വന്‍ തോതില്‍ പണം ചെലവഴിച്ചു എന്ന കമ്മിഷന്‍ കണ്ടെത്തലും രൂക്ഷമായ ചര്‍ച്ചയ്ക്കു വഴിവച്ചു. പണക്കൊഴുപ്പിനു മുന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അടിയറവു പറഞ്ഞുവെന്ന ചിന്താഗതിയാണ് ഉണ്ടായത്. രാഷ്ട്രീയ മാനദണ്ഡങ്ങളായിരുന്നില്ല സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തതില്‍ നിഴലിച്ചത്. സമുദായവും പണവുമാണെന്നും കമ്മീഷന്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.