ബംഗളൂര്‍ സ്‌ഫോടനക്കേസ്: മദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി

ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (14:37 IST)
ബംഗളൂര്‍ സ്‌ഫോടനക്കേസിലെ പ്രതി പിഡിപി നേതാവ് അബ്‌ദുള്‍ നാസര്‍ മദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രണം നടന്നതായി പറയപ്പെടുന്ന കുടകിലെ തോട്ടത്തില്‍ വെച്ച് മദനിയെ കണ്ടുവെന്ന് മൊഴി നല്‍കിയ റഫീഖാണ് ഇന്നു വിചാരണ കോടതിയിൽ കൂറുമാറിയത്.

താന്‍ മദനിയെ കുടകില്‍ വെച്ച് കണ്ടുവെന്ന് പൊലീസ് സംഘം ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണ്. സ്ഫോടന കേസിൽ കുടുക്കുമെന്ന് ഭീഷണിയായിരുന്നു അന്വേഷണ സംഘം ഉയര്‍ത്തിയിരുന്നത്. എന്നാല്‍ താന്‍ കോടതിയിൽ വെച്ചാണ് മദനിയെ ആദ്യമായി കണ്ടത്. ചോദ്യം ചെയ്യലില്‍ തന്നെ സാക്ഷിയാക്കിയ അന്വേഷണ സംഘം ബലമായി ചില പേപ്പറുകളിലും മറ്റും ഒപ്പ് ഇടിവിച്ചിരുന്നു. ഇംഗ്ലീഷിൽ എഴുതിയ ഏതാനും പേപ്പറുകളിലും ഒപ്പിട്ടുവാങ്ങി. ഇത് ഭീഷണിപ്പെടുത്തിയാണ് ചെയ്യിപ്പിച്ചത്- റഫീഖ് വിചാരണ കോടതിയെ അറിയിച്ചു.

കേസില്‍ റഫീഖ് കൂടി മൊഴിമാറ്റിയതോടെ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം രണ്ടായി. നേരത്തെ ഒരാള്‍ കോടതിയില്‍ മൊഴി മാറ്റിയിരുന്നു. മദനിയും സംഘവും വീട്ടില്‍ വെച്ച് സ്ഫോടനം നടത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് വീട്ടിലെത്തിയപ്പോള്‍ കണ്ടുവെന്ന് മൊഴി നല്‍കിയ വ്യക്തിയാണ് ആദ്യം മൊഴിമാറ്റിയത്.

വെബ്ദുനിയ വായിക്കുക