കാസർകോട്: എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ 7 വഞ്ചന കേസുകൾ കൂടി. ചന്തേര സ്റ്റേഷനിൽ ആറ് വഞ്ചന കേസുകളും കാസർകോട് ടൗൺ സ്റ്റേഷനിൽ ഒരു കേസുമാണ് ജ്വല്ലറി ചെയർമാനായ എം സി കമറുദ്ദീന്റെയും എംഡി പൂക്കോയ തങ്ങളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്.
ഇതോടെ എംഎൽഎ പ്രതിയായി രജിസ്റ്റർ ചെയ്‌ത വഞ്ചന കേസുകളുടെ എണ്ണം 63 ആയി. അതേസമയം സി കമറുദ്ദീൻ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ ട്രഷററുമായ തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പേരിൽ 85 പേരിൽ നിന്നും 5 ലക്ഷം രൂപ വീതം നിക്ഷേപം വാങ്ങി പിന്നീട് യാതൊരു പണമോ ലാഭവിഹിതമോ നൽകാതെ വഞ്ചിച്ചെന്ന പുതിയ ആരോപണമായി എസ്എഫ്ഐ രംഗത്തെത്തി.
2013ൽ തുടങ്ങിയ കോളേജ് ഇപ്പോളും പ്രവർത്തിക്കുന്നത് താത്‌കാലിക കെട്ടിടത്തിലാണ്. മൂന്ന് വർഷത്തിനകം സ്വന്തമായി കെട്ടിടം വേണമെന്ന വ്യവസ്ഥ ലംഘിച്ചാണ് കോളേജ് പ്രവർത്തിക്കുന്നതെന്നും എസ്എഫ്ഐ ആരോപിച്ചു.