അഭിമന്യുവിന്റെ കൊല: കേസില്‍ 15 പ്രതികള്‍, ഒന്നാം പ്രതി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് - അന്വേഷണം ശക്തമാക്കി പൊലീസ്
തിങ്കള്‍, 2 ജൂലൈ 2018 (17:20 IST)
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളെന്ന് പൊലീസ്. ഒന്നാം പ്രതി മഹാരാജാസിലെ തന്നെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയായ വടുത സ്വദേശി മുഹമ്മദാണെന്ന് പൊലീസ് അറിയിച്ചു.
വടുതല സ്വദേശിയായ മൂന്നാം വർഷ അറബിക് വിദ്യാർഥിയായ മുഹമ്മദ് ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനാണ്. മുഹമ്മദിനായി തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.
അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ ക്യാമ്പസിന് പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായത്. അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടിയെടുക്കും. ഇക്കാര്യത്തില്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം മൂന്നു പേരെ കസ്റ്റഡിയിലെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വളരെ ആസൂത്രിതമായിട്ടാണ് കൊലപാതകം നടന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ക്യാമ്പസിന് പുറത്തു നിന്നെത്തിയവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.