“കേരളത്തില്‍ മൊത്തം സോളാറാണ്, ഇനി ഡല്‍ഹിയിലും അത് വേണോ?” - സിഡി വിവാദത്തേക്കുറിച്ച് ഒന്നും മിണ്ടാതെ ഉമ്മന്‍‌ചാണ്ടി!

Webdunia
വെള്ളി, 11 ഡിസം‌ബര്‍ 2015 (18:14 IST)
വിവാദ സിഡി പിടിച്ചെടുക്കാന്‍ സോളാര്‍ കമ്മീഷന്‍ നടത്തിയ ശ്രമത്തേപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഒഴിഞ്ഞുമാറി. “കേരളത്തില്‍ മൊത്തം സോളാറാണ്, ഇനി ഡല്‍ഹിയിലും അതേപ്പറ്റി ചര്‍ച്ച വേണോ?” - എന്നുമറുചോദ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ സിഡി തേറ്റിയുള്ള യാത്രയേക്കുറിച്ച് ചോദ്യമുന്നയിച്ചത്.
 
“കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഡല്‍ഹിയില്‍ എത്തിയത്. കേരളത്തില്‍ പ്രധാന ചര്‍ച്ചാവിഷയം സോളാറാണ്. ഇനി ഡല്‍ഹിയിലും അതേക്കുറിച്ചുതന്നെ ചര്‍ച്ച വേണോ?” - മുഖ്യമന്ത്രി ചോദിച്ചു. പിന്നീട് അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി. പി ജെ ജോസഫ്, കെ സി ജോസഫ്, വി എസ് ശിവകുമാര്‍ തുടങ്ങിയ മന്ത്രിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ തുടരുകയും ചെയ്തു.
 
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും നിവേദനം നല്‍കുകയും ചെയ്തു. ചര്‍ച്ചയ്ക്ക് തമിഴ്നാട് തയ്യാറല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള അനുമതി കേരളത്തിന് നല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
 
“തമിഴ്‌നാടിന് വെള്ളം കൊടുക്കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല. തമിഴ്‌നാടിന്റെ താത്പര്യം ഹനിക്കാത്ത തരത്തില്‍ പുതിയ സുരക്ഷാ ഡാം വേണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. പ്രധാനമന്ത്രി ഇതുസംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചു” - ഉമ്മന്‍‌‌ചാണ്ടി പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അവസ്ഥയെപ്പറ്റി വിദഗ്ധരുടെ നേതൃത്വത്തില്‍ പഠനം നടത്തണമെന്ന ആവശ്യവും കേരളം മുന്നോട്ടുവച്ചു.