“എന്‍റെ ജഡം കിട്ടിയാല്‍ അതൊരു കൊലപാതകമാണെന്ന് കരുതുക”
വ്യാഴം, 19 ഓഗസ്റ്റ് 2010 (15:47 IST)
PRO
സിസ്റ്റര്‍ അഭയക്കേസിലെ മുഖ്യസാക്ഷികളിലൊരാളായ കളര്‍കോട് വേണുഗോപാലിന് വധഭീഷണി. ഇക്കാര്യം വേണുഗോപാല്‍ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന്‍റെ ഓഫീസില്‍ വിളിച്ചറിയിച്ചു. ‘ഞാന്‍ കൊല്ലപ്പെടും’ എന്നാണ് വേണുഗോപാല്‍ വിളിച്ചു പറഞ്ഞത്.
സിസ്റ്റര്‍ അഭയ കൊലക്കേസികളിലെ പ്രതികളെ അറസ്റ്റു ചെയ്യുന്നതിന് വഴിയൊരുക്കിയ പ്രധാന സാക്ഷിയാണ് കളര്‍കോട് വേണുഗോപാല്‍. തനിക്ക് വധഭീഷണിയുള്ള കാര്യം പത്രം ഓഫീസില്‍ വിളിച്ചുപറഞ്ഞ വേണുഗോപാല്‍ ഇക്കാര്യം തന്നെ സി ബി ഐ എഎസ്‌പി നന്ദകുമാര്‍ നായരെയും അറിയിച്ചു.
“എന്‍റെ ജഡം എവിടെയെങ്കിലും കണ്ടെത്തിയാല്‍ അത് ഒരു കൊലപാതകമാണെന്ന് മനസിലാക്കണം. ഞാന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അഭയക്കേസിലെ പ്രതികള്‍ക്കെതിരെ തെളിവു നല്‍കിയ എന്‍റെയും കുടുംബത്തിന്‍റെയും ജീവന്‍ അപകടത്തിലാണ്. ഏതു നിമിഷവും ഞാന്‍ കൊല്ലപ്പെട്ടേക്കാം” - കളര്‍കോട് വേണുഗോപാല്‍ അറിയിച്ചു.
വേണുഗോപാല്‍ തന്നെയും വിളിച്ചിരുന്നതായി നന്ദകുമാര്‍ നായര്‍ വ്യക്തമാക്കി. പല ഫോണ്‍ നമ്പരുകളില്‍ നിന്നാണത്രേ വേണുഗോപാലിന് ഭീഷണികള്‍ വരുന്നത്. ലോക്കല്‍ പൊലീസിന് ഇതുസംബന്ധിച്ച പരാതി നല്‍കിയെങ്കിലും അവര്‍ കാര്യമായെടുത്തില്ലെന്നും വേണുഗോപാല്‍ പറയുന്നു.