‘കഥ പകുതി ആയിട്ടേ ഉള്ളു, ഇനിയും പ്രതികള്‍ അറസ്റ്റിലാകും’ - മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി സുനി

Webdunia
ചൊവ്വ, 18 ജൂലൈ 2017 (11:53 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍ കുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഓഗസ്റ്റ് ഒന്നു വരെയാണ് സുനിലിന്റെ റിമാന്‍ഡ് നീട്ടിയിരിക്കുന്നത്. അങ്കമാലി കോടതിയാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്. 'കഥ പകുതിയേ ആയിട്ടുള്ളൂ' എന്ന് സുനില്‍ വ്യക്തമാക്കി. കോടതിയില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ സുനില്‍ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയ ഈ കാര്യം പൊലീസിനെ സഹായിക്കുമെന്നാണ് കരുതുന്നത്.
 
കേസില്‍ ഇനിയും പ്രതികളുണ്ടാകുമെന്ന് സുനിലിന്റെ അഭിഭാഷകന്‍ ബി.എ. ആളൂരും പ്രതികരിച്ചു. ദിലീപിന്റെ അറസ്റ്റോടെ കേസിന് അവസാനമുണ്ടാകുമെന്നായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടല്‍ . എന്നാല്‍, കെസുമായി ബന്ധപ്പെട്ട് ഇനിയും ആളുകള്‍ പിടിയില്‍ ആകാനുള്ള സാധ്യത ഉണ്ടെന്ന ശക്തമായ സൂചനയാണ് സുനി ഇതിലൂടെ നല്‍കുന്നത്.   
 
അതേസമയം, കൊച്ചിയില്‍ നേരത്തെ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിനു പിന്നാലെയാണ് എബിന്‍‌ കസ്റ്റഡിയിലായത്.
Next Article