‘എന്നോട് പൊറുക്കണം അമ്മേ’ - മരിക്കുന്നതിന് മുമ്പ് അപര്‍ണ അമ്മയോട് പറഞ്ഞു

വെള്ളി, 8 മെയ് 2015 (14:14 IST)
വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അപര്‍ണ മരിക്കുന്നതിനു മുമ്പ് തന്നോട് ക്ഷമിക്കണമെന്ന് അമ്മയോട് പറഞ്ഞതായി റിപ്പോര്‍ട്ട്. ആലപ്പുഴയിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ കായികതാരമായിരുന്ന അപര്‍ണയും മറ്റ് മൂന്നു കൂട്ടുകാരികളും ബുധനാഴ്ച ആയിരുന്നു വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ അപര്‍ണ മരിച്ചിരുന്നു. മറ്റു മൂന്നു കുട്ടികള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ മൂന്നുപേരും അപകടനില തരണം ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
 
വിഷക്കായ കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അപര്‍ണയുടെ അടുത്ത് എത്തിയപ്പോള്‍ ആയിരുന്നു അമ്മ ഗീതയോട് കുട്ടി മാപ്പ് പറഞ്ഞത്. അമ്മ ദയവ് ചെയ്ത് തന്നോട് ക്ഷമിക്കണമെന്നും സീനിയര്‍ ചേച്ചിമാരുടെ പീഡനം സഹിക്കാന്‍ വയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്തതെന്നും അമ്മയോട് പറഞ്ഞ അപര്‍ണ താന്‍ ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന് അമ്മയോട് ചോദിക്കുകയും ചെയ്തു. എന്നാല്‍, അമ്മയോട് സംസാരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അപര്‍ണ മരിച്ചിരുന്നു.
 
അതേസമയം, തന്റെ മകള്‍ക്ക് ആത്മഹത്യ ചെയ്യണമെന്ന് ആഗ്രഹമില്ലായിരുന്നെന്നും തുടര്‍ച്ചയായി നടന്നു വരുന്ന പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതായി വന്നപ്പോഴാണ് മകള്‍ അവസാനരക്ഷയെന്നോണം ആത്മഹത്യ ചെയ്തതെന്നും ഗീത പറഞ്ഞു. വിഷു അവധിക്കായി വീട്ടിലെത്തിയ സമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥിനികളുമായി മുറി പങ്കു വെയ്ക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ മകള്‍ തന്നോട് പറഞ്ഞിരുന്നെന്നും ഇക്കാര്യം വാര്‍ഡനെ അറിയിച്ചപ്പോള്‍ മറ്റൊരു മുറി താമസിയാതെ നല്കുന്നതാണെന്ന് അറിയിച്ചിരുന്നെന്നും മകള്‍ പറഞ്ഞതായി ഗീത പറഞ്ഞു.

വെബ്ദുനിയ വായിക്കുക