ഹര്‍ത്താല്‍ പൂര്‍ണം; ജനജീവിതം സ്തംഭിച്ചു

ചൊവ്വ, 27 ജനുവരി 2015 (10:47 IST)
ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാനവ്യാപകമായി നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. സ്വകാര്യബസുകള്‍ നിരത്തിലിറങ്ങുന്നില്ല. കെ എസ് ആര്‍ ടി സിയും വളരെ കുറഞ്ഞ സര്‍വ്വീസുകള്‍ മാത്രമാണ് നടത്തുന്നത്. റയില്‍വേ സ്റ്റേഷനിലും മറ്റും എത്തിയ ദീര്‍ഘദൂര യാത്രക്കാരാണ് ശരിക്കും വലഞ്ഞത്.
 
അതേസമയം, മാണിയുടെ സ്ഥലമായ പാലായില്‍ ഇന്ന് മൂന്നാമത്തെ ഹര്‍ത്താല്‍ ആണ് നടക്കുന്നത്. മാണിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നെന്ന് ആരോപിച്ച് യു ഡി എഫ് വെള്ളിയാഴ്ച പാലായില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
 
തുടര്‍ന്ന്, മാണി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ശനിയാഴ്ച എല്‍ ഡി എഫും പാലായില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇന്ന് സംസ്ഥാനവ്യാപകമായി ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താലിലും പാല പങ്കെടുക്കുകയാണ്. പാലാ പട്ടണത്തിലെ റോഡുകള്‍ എല്ലാം തന്നെ വിജനമാണ്. വിവാഹത്തിനുള്ളതും മരണവീടുകളില്‍ പോകുന്നതുമായ അടിയന്തിര ആവശ്യങ്ങള്‍ക്ക് ഹര്‍ത്താല്‍ ബാധകമല്ല.
 
പൊതുവേ സമാധാനപൂര്‍ണമാണ് ഹര്‍ത്താല്‍ .

വെബ്ദുനിയ വായിക്കുക