ഹര്‍ത്താല്‍ നാണക്കേട് മറയ്ക്കാന്‍, ഞായറാഴ്ച കരിദിനം: മുഖ്യമന്ത്രി

Webdunia
വെള്ളി, 13 മാര്‍ച്ച് 2015 (17:06 IST)
ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് ധനമന്ത്രി കെ എം മാണിയെ തടയുന്നതില്‍ പരാജയപ്പെട്ട പ്രതിപക്ഷം ആ നാണക്കേട് മറച്ചുപിടിക്കാനാണ് ശനിയാഴ്ച ഹര്‍ത്താല്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. നിയമസഭയിലെ പ്രതിപക്ഷത്തിന്‍റെ അക്രമത്തില്‍ പ്രതിഷേധിച്ച് ഞാ‍ായറാഴ്ച യു ഡി എഫ് കരിദിനം ആചരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
പ്രതിഷേധിക്കാനും പ്രതിപക്ഷത്തിന്‍റെ ആക്രമണത്തിന്‍റെ സത്യാവസ്ഥ വിശദീകരിക്കാനും തിങ്കളാഴ്ച ഗാന്ധി പാര്‍ക്കില്‍ യു ഡി എഫിലെ പ്രധാന നേതാക്കളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് പൊതുയോഗം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
സംസ്ഥാന നിയമസഭാ ചരിത്രത്തിലെ കറുത്തദിനമാണ് വെള്ളിയാഴ്ച കടന്നു പോയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷം സഭയില്‍ സംഹാരതാണ്ഡവമാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സംഘര്‍ഷങ്ങളും ഒട്ടും തന്നെ അംഗീകരിക്കാനാവാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്പീക്കറുടെ ഇരിപ്പിടവുമായി ബന്ധപ്പെട്ടുള്ള ഇന്ന് സംഭവിച്ചതു പോലെയുള്ള സംഭവം ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. 
 
സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടിയാണ് ധനമന്ത്രിയെ രണ്ടാം നിരയിലേക്ക് മാറ്റിയത്. മന്ത്രിമാരുടെ സീറ്റുകള്‍ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. അതിന് അനുവാദം നല്കുന്നത് സ്പീക്കര്‍ ആണ്. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ സീറ്റ് മാറാന്‍ തീരുമാനിച്ചത് - മുഖ്യമന്ത്രി വ്യക്തമാക്കി.
 
നിയമസഭയില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ചാണ് ശനിയാ‍ാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.