അഞ്ജു ബോബി ജോര്‍ജിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും കായികമന്ത്രി ഇ പി ജയരാജനെ പിന്തുണച്ചും പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ് രംഗത്ത്. സ്‌പോര്‍ട് കൗണ്‍സില്‍ ചെയര്‍പേഴ്‌സണായിരിക്കാന്‍ അഞ്ജുവിന് യോഗ്യതയില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയ ആളാണ് അഞ്ജു. അങ്ങനെ കര്‍ണാടകയില്‍ ഇരുന്ന് കേരളത്തിലെ കായിക താരങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ എങ്ങനെയാണ് ചെയ്യാന്‍ കഴിയുക? കേരളത്തിലെ സ്‌പോര്‍ട് താരങ്ങളെ അഞ്ജു കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോകുന്നുവെന്നും പിസി ജോര്‍ജ് ആരോപിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി കെ ഇബ്രാഹിംകുട്ടിയുമൊത്ത് പുതിയ കായിക മന്ത്രിയെ കാണാനെത്തിയ തന്നെ കായിക മന്ത്രി അകാരണമായി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.
സ്പോര്‍ട്സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച മന്ത്രി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബംഗളൂരുവില്‍നിന്നു വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നും തങ്ങള്‍ അധികാരത്തില്‍ വരില്ലെന്നു കരുതിയോ, കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയതായാണ് അഞ്ചുവിന്റെ പരാതി.