സ്വത്ത് കൈക്കലാകാനായി പെറ്റമ്മയെ മകനും മരുമകളും ചേര്‍ന്ന മാനസികാരോഗ്യകേന്ദ്രത്തിലാക്കി. മാന്ദാമംഗലം മരുതുകുഴി കടവില്‍പറമ്പില്‍ ജോര്‍ജിന്റെ ഭാര്യ ഏല്യക്കുട്ടി(60)ക്കാണ് ഈ ദുര്‍ഗതി. മകന്റെ ക്രൂരതയ്ക്ക് ഇരയാവേണ്ടി വന്ന അവരെ ഒടുവില്‍ നാട്ടുകാരായ സ്ത്രീകള്‍ ഇടപെട്ടാണ് ആശുപത്രിയില്‍ നിന്ന് മോചിപ്പിച്ചത്.
ഏലിക്കുട്ടിയുടെ ഭര്‍ത്താവ് 13 വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നെ വര്‍ഷങ്ങളായി മകന്‍ ജോഷിയുടെ പീഡനം സഹിച്ച് കഴിയുകയായിരുന്നു അവര്‍. ജോഷിയുടെ ഭാര്യ ബിന്ദുവും ബിന്ദുവിന്റെ പിതാവ് ഡേവിഡും ചേര്‍ന്ന് അവരെ ശാരീരികപീഡനങ്ങള്‍ വിധേയമാക്കിയിരുന്നു. ഒടുവില്‍ ഓശാനഞായറാഴ്ചയാണ് മൂവരും ചേര്‍ന്ന് ഏലിക്കുട്ടിയെ തൃശ്ശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിലാക്കിയത്. ഇതിനായി ഡേവിഡ് ഏലിക്കുട്ടിയുടെ ഭര്‍ത്താവായി വേഷം കെട്ടുകയും ചെയ്തു.
ഏല്യക്കുട്ടി അയല്‍ക്കൂട്ടത്തിന് എത്താത്തതിനെത്തുടര്‍ന്ന് അടുത്തവീട്ടിലെ സ്ത്രീകള്‍ തിരക്കിയെത്തിയപ്പോഴാണ് അവര്‍ ആശുപത്രിയിലാണെന്ന വിവരം പുറത്തായത്. എന്നാല്‍ ഏലിക്കുട്ടിക്ക് മാനസികരോഗമില്ലെന്ന് നാട്ടുകാര്‍ക്ക് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നു. അവര്‍ ആശുപത്രി സൂപ്രണ്ടിന് മുന്നിലെത്തി ഏലിക്കുട്ടിയ്ക്ക് മരുന്നൊന്നും നല്‍കരുതെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഏല്യക്കുട്ടിയുടെ പെണ്‍മക്കളെ വിളിച്ചുവരുത്തിയ ശേഷം നാട്ടുകാരായ സ്ത്രീകള്‍ക്കൊപ്പം അവരെ വിട്ടയക്കുകയായിരുന്നു. മുമ്പ് മകനും മരുമകളും ചേര്‍ന്ന് ഏലിക്കുട്ടിയെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊല്ലുവാന്‍ ശ്രമം നടത്തിയിരുന്നു. നാലരവര്‍ഷം മുമ്പായിരുന്നു ജോഷിയുടെ വിവാഹം. ജോഷിയെക്കൂടാതെ അവര്‍ക്ക് മൂന്ന് പെണ്‍മക്കള്‍ കൂടി ഉണ്ട്. ഇവരെല്ലാം വിവാഹിതരാണ്.