സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവം: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

JOYS JOY

ചൊവ്വ, 24 മാര്‍ച്ച് 2015 (13:20 IST)
സ്പീക്കറുടെ ഡയസ് തകര്‍ത്തത് സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. തിങ്കളാഴ്ച വൈകുന്നേരമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. ബജറ്റ് അവതരണദിവസം നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ സ്പീക്കറുടെ ഇരിപ്പിടവും കമ്പ്യൂട്ടറും തകര്‍ത്ത സംഭവമായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
 
മ്യൂസിയം പൊലീസ് എടുത്ത കേസ് നിലവില്‍ അന്വേഷിക്കുന്നത് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
 
നിയമസഭയില്‍ ഉണ്ടായ അനിഷ്‌ട സംഭവങ്ങളെക്കുറിച്ച് സ്പീക്കര്‍ നല്‍കിയ പരാതിയില്‍ എം എല്‍ എമാരുടെ പേരില്ലാതെയായിരുന്നു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് നിയമസഭാ സെക്രട്ടറി, ജീവനക്കാര്‍, വാച്ച് ആന്‍ഡ് വാര്‍ഡ് എന്നിവര്‍ അടക്കമുള്ളവരുടെ മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു.
 
ഇതടക്കമുള്ള എല്ലാ റിപ്പോര്‍ട്ടുകളും ഉടന്‍ തന്നെ ക്രൈംബ്രാഞ്ചിന് കൈമാറും. അതേസമയം, നിയമസഭയിലെ അക്രവുമായി ബന്ധപ്പെട്ട് എം എല്‍ എമാരായ ഇ പി ജയരാജന്‍, വി ശിവന്‍ കുട്ടി, കെ ടി ജലീല്‍, കുഞ്ഞമ്മദ് മാസ്റ്റര്‍, കെ അജിത്ത് എന്നിവരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക