സോളാര്‍ കേസ്: സരിതയുടെ മൊഴിയിൽ ഗൂഢാലോചനയെന്ന് പൊലീസ്

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2016 (13:28 IST)
സോളാർ കേസിൽ സരിത ഗൂഢാലോചന നടത്തിയെന്നതിന്റെ ശക്തമായ തെളിവുമായി കേരള പൊലീസ് അസോസിയേഷൻ രംഗത്ത്. സരിതയുടെ മൊഴിയിൽ ഗൂഢാലോചനയുണ്ടെന്ന അസോസിയേഷന്റെ വാദത്തെ ശക്തിപ്പെടുത്തുന്ന ഫോൺ കോളുകളുടെ കൂടുതൽ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
 
സോളാർ കേസുമായി ബന്ധപ്പെട്ട് കേരള പൊലീസ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിൽ ഡി ജി പി അന്വേഷണം നടത്തി സോളാര്‍ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍  അജിതിനെതിരെ സരിത നൽകിയ മൊഴി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പൊലീസ് അസോസിയേഷൻ പറയുന്നത്. അജിതിന് 20 ലക്ഷം രൂപ സംഭാവനയായി നൽകിയെന്നാണ് സരിത സോളാർ കമ്മീഷനിൽ മൊഴി നൽകിയിരുന്നത്.
 
ലോയേഴ്സ് യൂണിയൻ ജനറൽ ക്രട്ടറി ബി രാജേന്ദ്രന്‍, സരിതയുടെ അഭിഭാഷകൻ സി ഡി ജോണി, അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു, അസോസിയേഷൻ നേതാവ് എസ് ഐ  ജോര്‍ജ്കുട്ടി എന്നിവർ തമ്മിലുള്ള ഫോൺ രേഖകളുടെ അടിസ്ഥാനത്തിലാണ് സരിതയുടെ മൊഴിയിൽ ഗൂഢാലോചന നടന്നതായി പോലീസ് അസോസിയേഷന്‍ ആരോപിക്കുന്നത്.
 
പൊലീസ് അസോസിയേഷനെതിരെ സോളാർ കമ്മിഷനിൽ സരിത മൊഴി നൽകിയതിന്റെ തലേ ദിവസം അഭിഭാഷകരായ രാജേന്ദ്രനും ജോണിയും ബന്ധപ്പെട്ടിരുന്നുവെന്ന് ഫോൺ രേഖക‌ൾ വ്യക്തമാക്കുന്നു. എസ് ഐ  ജോര്‍ജുകുട്ടിയും ഇതിന് തൊട്ടുമുമ്പ് രാജേന്ദ്രനുമായി സംസാരിച്ചിരുന്നു. അസോസിയേഷന്റെ മുൻ ജനറൽ സെക്രട്ടറി ബിജുവുമായി പല തവണ ജോർജുകുട്ടി ബന്ധപ്പെട്ടിരുന്നു എന്ന് വ്യക്തമാകുന്ന ഫോൺ രേഖകളാണ് സൈബർ സെൽ ഡി ജി പി ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
 
തനിക്കെതിരായ നീക്കത്തിനു പിന്നിൽ സി ആർ ബിജു ഉൾപ്പെടെയുള്ളവരാണെന്ന് പൊലീസ് അസോസിയേഷൻ  ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത് നേരത്തെ സോളാർ കമ്മീഷനെ അറിയിച്ചിരുന്നു.