സൂര്യനെല്ലി: കുര്യനെ പ്രതി ചേര്‍ക്കാനാകില്ലെന്ന് ഹൈക്കോടതി

ബുധന്‍, 23 ഒക്‌ടോബര്‍ 2013 (11:50 IST)
PRO
സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യനെ പ്രതി ചേര്‍ക്കാനാകില്ലെന്ന് ഹൈക്കോടതി. പി ജെ കുര്യനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് സൂര്യനെല്ലിക്കേസിലെ പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കേസിലെ പ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനെതിരെ തുടരന്വേഷണം നടത്തണമെന്നായിരുന്നു പീഡനത്തിന് ഇരയായ പരാതിക്കാരിയുടെ ആവശ്യം.

എന്നാല്‍ കുര്യനെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റീസ് പി ഭവദാസന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിടാനാവില്ല. ചാനലിലൂടെ പറഞ്ഞ കാര്യം ധര്‍മ്മരാജന്‍ പിന്നീട് നിഷേധിച്ചിരുന്നു. കുര്യനെതിരെ പുതിയ തെളിവുകളൊന്നും ഇല്ലെന്നും നേരത്തെ തന്നെ ഹൈക്കോടതി കുര്യനെ കുറ്റവിമുക്തനാക്കിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടും ഇപ്പോഴും കുര്യന്‍ വേട്ടയാടപ്പെടുകയാണെന്ന നിരീക്ഷണവും കോടതി നടത്തി. അതേസമയം പീഡനത്തിന് ഇരയായ പെൺകുട്ടിയോട് കോടതിക്ക് അനുകമ്പയുണ്ടെന്നും ബെഞ്ച് പറഞ്ഞു.

വെബ്ദുനിയ വായിക്കുക