സൂപ്പര്‍ താരങ്ങള്‍ കുടുങ്ങും? എല്ലാത്തിന്റേയും തുടക്കം ‘ട്വന്റി 20’ സിനിമ! - ആറ് വര്‍ഷം കൊണ്ട് കുന്നുകൂട്ടിയ സ്വത്തുക്കള്‍ പരിശോധിക്കും

വ്യാഴം, 13 ജൂലൈ 2017 (10:54 IST)
നടിയെ ആക്രമിച്ച കേസ് വഴിതിരിയുന്നു. മലയാള സിനിമയ്ക്ക് ഹവാല ഇടപാടുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍. വന്‍ തോതില്‍ കോടികളുടെ ഹവാല പണമാണ് മലയാള സിനിമയിലേക്ക് എത്തിയിരുന്നതെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. 
 
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദിലീപ് നിര്‍മിച്ച ‘ട്വന്റി 20’ എന്ന സിനിമ മുതലുള്ള ദിലീപിന്റെ പണമിടപാടുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. അന്വേഷണം ആരംഭിച്ചാല്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളടക്കമുള്ള നടീനടന്മാരിലേക്കും സംശയങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. 
 
താരസംഘടനയാ അമ്മ അടക്കം നടത്തിവരുന്ന പണമിടപാടുകള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആദായനികുതി വകുപ്പിന്റെ പരിശോധനയെ തുടര്‍ന്ന് താരസംഘടനയായ അമ്മ പിഴയടക്കേണ്ടി വന്ന സാഹചര്യമാണ് അന്വേഷണ സംഘത്തിന് സംശയം തോന്നാന്‍ കാരണം. 
 
ദിലീപ് അടക്കമുള്ള താരങ്ങള്‍ ആറ് വര്‍ഷം കൊണ്ട് കുന്നുകൂട്ടിയ സ്വത്തുക്കളുടെ റിപ്പോര്‍ട്ടും ഇതിന്റെ സ്രോതസ്സും പരിശോധിക്കാന്‍ തയ്യാറെടുക്കുകയാണ് സംഘം. അതോടൊപ്പം, പണത്തിന്റെ കാര്യത്തിലെ ക്രമക്കേടുകള്‍ മറയ്ക്കുന്നതിനായിട്ടാണ് നടീനടന്മാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വെബ്ദുനിയ വായിക്കുക