മലയാള സിനിമയിലെ പുതിയ വനിതാ സംഘടനായ വിമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയില്‍ എന്തുകൊണ്ട് താന്‍ അംഗമല്ലെന്ന കാര്യത്തിന് വ്യക്തമായ മറുപടിയുമായി ഡബിംഗ് ആര്‍ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്.
കുറേ ദിവസമായി കേൾക്കുന്നു വിമെൻ കളക്ടിവ് ഇൻ സിനിമ (WCC) എന്ന സംഘടനയിൽ ഞാനില്ലാത്തതിന്റേയോ എന്നെ ചേർക്കാത്തതിന്റേയോ പരാമർശങ്ങളും വിമർശനങ്ങളുമൊക്കെ. മറുപടി പറഞ്ഞ് മടുത്തു. ഓരോരുത്തർക്കും തനിത്തനിയെ മറുപടി പറയുന്നതിലും നല്ലതല്ലേ ഈ പോസ്റ്റ്. ഇതോടു കൂടി ഈ വിഷയം തീരുമല്ലോ.
ആദ്യമേ പറയട്ടെ, മലയാള സിനിമയിൽ ഒരു സ്ത്രീ സംഘടന രൂപീകരിക്കുമ്പോൾ അതിൽ ഞാനുണ്ടാവണമെന്ന് യാതൊരു നിർബന്ധവുമില്ല. ഞാനുണ്ടാവരുതെന്നുളള നിർദേശം ആരെങ്കിലും നൽകിയോ എന്നും എനിക്കറിയില്ല, ഞാനങ്ങനെ പറഞ്ഞിട്ടുമില്ല. അങ്ങിനെ ചിന്തിക്കാനും വാദിക്കാനും മാത്രം ഞാനൊരു വിഡ്ഡിയുമല്ല. ഇതിൽ ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും അത്ഭുതമൊന്നും സംഭവിക്കില്ല.
ഈ സംഘടനയിൽ ഞാനില്ലാത്തത് കൊണ്ട് എനിക്കോ ആ സംഘടനക്കോ യാതൊരു നഷ്ടവുമില്ല. ഞാനംഗമല്ലാത്ത വേറേയും സംഘടനയുണ്ട് മലയാള സിനിമയിൽ. എന്ന് കരുതി ആ സംഘടനക്ക് എന്തെങ്കിലും ആരുടെയെങ്കിലും നിർദേശമുണ്ടെന്ന് അർത്ഥമില്ല. എന്റെ സംരക്ഷണവും അവകാശവും ഒരു സംഘടനയുമില്ലാതിരുന്ന കാലത്ത് ഞാൻ സ്വയം നേടിയെടുത്തവളാണ്.
ഈ സംഘടന രൂപീകരിച്ച വിവരം പോലും മാധ്യമങ്ങൾ വഴിയാണ് ഞാനറിയുന്നത്. അന്ന് മാധ്യമങ്ങൾ മുഴുവൻ എന്നെ വിളിച്ച് എന്ത്കൊണ്ട് നിങ്ങളെ കണ്ടില്ല അവിടെ എന്ന് ചോദിച്ചപ്പോൾ എനിക്കറിയില്ല എന്നേ അന്നും ഇന്നും ഞാൻ പറയുന്നുളളു.എന്നെ അറിയിക്കേണ്ട കാര്യവുമില്ല. ആ നിമിഷവും ഈ സംഘടനയിലെ ഒരു വ്യക്തി എന്റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു.
പക്ഷേ സംഘടന രൂപീകരിച്ച ദിവസവും അതിന്റെ തലേന്നും നടന്ന സൗഹൃദ സംഭാഷണത്തിൽ ഈ സംഘടനയിലെ അംഗങ്ങളായ എന്റെ ആത്മ സുഹൃത്തുക്കളെന്ന് ഞാൻ കരുതിയിരുന്ന നാല് പേരുടെ അഭിനയ പാടവം എന്നെ അത്ഭുതപ്പെടുത്തി, വേദനിപ്പിച്ചു എന്നത് നേര്. സുഹൃത്തുക്കളാവുമ്പോ നമ്മൾ വിളിച്ച് ചോദിക്കുമല്ലോ. അതിനവർ തന്ന വിശദീകരണം നല്ല തമാശയായിരുന്നു.
അത് ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല. ഇതോടു കൂടി WCC യും ഭാഗ്യലക്ഷ്മിയും എന്ന വിവാദവും പരാമർശങ്ങളും ഒന്നവസാനിപ്പിക്കണേ. പ്ലീസ് ഇങ്ങനെയൊരു വിമർശനം(വിവാദം) നില നിൽക്കുന്നിടത്തോളം ഒരു സാധാരണ വ്യക്തിയെന്ന നിലക്കുളള അഭിപ്രായം പോലും ഞാൻ പറയുമ്പോൾ തെറ്റിദ്ധരിക്കപ്പെടുന്നു.