സുനാമി പുനരധിവാസ ഭാഗമായി ആലപ്പാട് നിര്‍മ്മിക്കുന്ന 250 ഭവനങ്ങളില്‍ 115 എണ്ണം പൂര്‍ത്തിയായതായി റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.
വീടുകളുടെ താക്കോല്‍ദാനം ഓഗസ്റ്റ് രണ്ടാം വാരം മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് നിര്‍വ്വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. അവശേഷിക്കുന്ന 135 വീടുകളുടെ നിര്‍മ്മാണോദ്ഘാടനവും അതോടൊപ്പം നടക്കും. മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെയാണ് കൊല്ലം ജില്ലയിലെ ആലപ്പാട്ട് വീടുകള്‍ നിര്‍മ്മിച്ചത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന 12 കോടി രൂപയില്‍ ഒമ്പത് കോടി രൂപ ഉപയുക്തമാക്കിയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. മന്ത്രി കെ.പി.രാജേന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സുനാമി പുനരധിവാസ പദ്ധതിയുടെ പുരോഗതി വിലയിരുത്തി.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 2003 വീടുകളുടെ നിര്‍മ്മാണത്തിനായി 19 സെറ്റുകളിലായി സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്തുകഴിഞ്ഞു. ഈ വീടുകളുടെ നിര്‍മ്മാണവും ഓഗസ്റ്റില്‍ ആരംഭിക്കും. ഹാബിറ്റാറ്റ് ഗ്രൂപ്പ്, ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തുടങ്ങി 11 ഏജന്‍സികളെയാണ് വീടുകളുടെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തില്‍ 1650 വീടുകളുടെ നിര്‍മ്മാണത്തിന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന് അനുമതി നല്‍കിയിട്ടുണ്ട്. വീടുകളുടെ നിര്‍മ്മാണോദ്ഘാടനം ഓഗസ്റ്റ് 18ന് നിര്‍വ്വഹിക്കും. തിരുവനന്തപുരത്ത് ബീമാപള്ളിയിലെ പണി പൂര്‍ത്തിയായി വരുന്ന വീടുകളുടെ താക്കോല്‍ദാനം സെപ്റ്റംബര്‍ 10ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നും മന്ത്രി അറിയിച്ചു.