ഒരു തിരുവോണനാളിന്റെ തലേന്നാണ് സുനന്ദ പുഷ്കര്‍ ശശി തരൂരിന്റെ കൈപിടിച്ചത്. 2010ല്‍. രണ്ടുവര്‍ഷത്തിനു ശേഷമുള്ള ഓണനാളുകളിലൊന്നില്‍, ഡല്‍ഹിയിലെ കേരള ഹൌസിനു മുന്നില്‍ ഓണസദ്യ കഴിക്കാന്‍ നീണ്ട വരിയില്‍ കാത്തുനിന്ന മലയാളികളുടെ മുന്നിലൂടെ ശശി തരൂരും സുനന്ദ പുഷ്കറും വി ഐ പി ഏരിയയിലേക്ക് പോയി. ഒരു നിമിഷം ഓണസദ്യയെക്കുറിച്ചും അതിന്റെ ഗൃഹാതുരതയെക്കുറിച്ചും എല്ലാവരും മറന്നു. കേരളസാരിയില്‍ എത്തിയ സുനന്ദയും ഒപ്പമുണ്ടായിരുന്ന തരൂരും ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. കണ്ണുകൊണ്ട് അവരെ വി ഐ പി ഏരിയ വരെ എത്തിച്ചിട്ടാണ് മലയാളികള്‍ പിന്നെ ക്യൂവില്‍ ശ്രദ്ധിച്ചത്.
അതായിരുന്നു സുനന്ദ പുഷ്കര്‍. ആ കാശ്മീരി സുന്ദരി മലയാളത്തിന്റെ മരുമകളായി രണ്ടാംവട്ടമായിരുന്നു എത്തിയത്. ആദ്യം ബിസിനസുകാരനായ സുജിത് മേനോന്റെ പത്‌നിയായി. അന്നു പക്ഷേ, അവരെ ആരുമറിഞ്ഞില്ല. പിന്നീട്, ലോക്സഭ എം പിയായ ശശി തരൂരിന്റെ ഭാര്യയായി സുനന്ദ എത്തി. എല്ലാവരും അവരെ അറിഞ്ഞു. ആ കാശ്മീര്‍ സുന്ദരിയ്ക്ക് ആരാധകര്‍ ഒരുപാടുണ്ടായി.
ഐ പി എല്‍ വിവാദത്തോടെയാണ് തരൂരിന്റെ പേരിനൊപ്പം സുനന്ദ എന്ന പേരും ചേര്‍ന്നുകേട്ടത്. ഐ പി എല്ലിന്‍റെ സൌജന്യ ഓഹരികള്‍ സുനന്ദയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നാണ് തരൂരിനെയും സുനന്ദ പുഷ്കറിനെയും ചേര്‍ത്ത് നിറം പിടിപ്പിച്ച നിരവധി വാര്‍ത്തകള്‍ വന്നത്. ഈ വിവാദം തരൂരിന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കുകയും ചെയ്തു. മന്ത്രിസ്ഥാനം പോയെങ്കിലും തരൂര്‍ സുനന്ദയെ ജീവിതസഖിയാക്കി. രണ്ടു പേരുടെയും മൂന്നാം വിവാഹമായിരുന്നു ഇത്.
തരൂരിന്റെ ഭാര്യയായി എത്തിയ സുനന്ദയുടെ ഓരോ ചലനങ്ങളും മലയാളി ശ്രദ്ധിച്ചു തുടങ്ങി. അവരുടെ വസ്ത്രധാരണ രീതികളും തരൂരുമൊത്തുള്ള യാത്രകളും എല്ലാം മലയാളി ശ്രദ്ധിച്ചു. അങ്ങനെയിരിക്കെ, ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌കറും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇരുവരുടെയും ട്വിറ്റര്‍ സന്ദേശങ്ങളാണ് ഈ സൂചന നല്‍കിയത്. പാക് മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റുമായ മെഹര്‍ തരാറുമായി ശശി തരൂരിന് ബന്ധമുണ്ടെന്നും മെഹര്‍ പാകിസ്ഥാന്‍ ചാരസംഘടനയുടെ ഏജന്‍റാണെന്നും സുനന്ദ പുഷ്‌കര്‍ ആരോപിച്ചിരുന്നു. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ തകര്‍ന്നതായി സുനന്ദ ഒരു ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ട്വിറ്റര്‍ പ്രതികരണങ്ങള്‍ വിവാദമായതോടെ നിലപാട് തിരുത്തി സുനന്ദ പുഷ്കര്‍ രംഗത്ത് വന്നിരുന്നു. ശശി തരൂരമായുള്ളത് സന്തുഷ്‌ട ജീവിതമാണെന്ന് അവര്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു.
ഇതിനൊക്കെ ശേഷം, തികച്ചും അപ്രതീക്ഷിതമായി, ഏവരെയും ഞെട്ടിച്ചുകൊണ്ട് സുനന്ദയുടെ മരണവാര്‍ത്തയുമെത്തി. 2014 ജനുവരി 17ന് ഡല്‍ഹിയിലെ ലീല ഹോട്ടലിലെ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചാനലുകളായ ചാനലുകളിലെല്ലാം ചര്‍ച്ചകള്‍ തകര്‍ത്തു. ഇത്, സ്വാഭാവിക മരണമോ കൊലപാതകമോ? പെട്ടെന്നുണ്ടായ അസ്വാഭാവികമരണമെന്ന് പിന്നീട് അറിയിപ്പുണ്ടായി.
സുനന്ദ മാറാരോഗി ആയിരുന്നെന്നും കടുത്ത വിഷാദരോഗി ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നു, അമിതമായി കഴിച്ച ഗുളികകള്‍ ആണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ എഴുതപ്പെട്ടു. മരണം സംഭവിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ചില പ്രമുഖ മാധ്യമപ്രവര്‍ത്തകരുമായി സുനന്ദ ബന്ധപ്പെടുകയും തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ വെളിപ്പെടുത്തലുകള്‍ക്ക് കാത്തു നില്‍ക്കാതെ സുനന്ദ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആ മരണം കൊലപാതകമാണെന്നാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍, സുനന്ദയുടെ മരണം നടന്ന ദിവസം ചിലര്‍ സുനന്ദ താമസിച്ചിരുന്ന ലീല ഹോട്ടലില്‍ ദുരൂഹമായി താമസിച്ചിരുന്നെന്ന് കണ്ടെത്തിയിരുന്നു. അവരെ പറ്റി അന്വേഷിക്കുകയും അന്വേഷണം വിദേശത്തേക്ക് നീളുകയും ചെയ്തു. ഇതിനിടയില്‍ ആണ് സുനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
കരസേനയില്‍ ലഫ് കേണലായിരുന്ന പുഷ്‌കര്‍ദാസ് നാഥിന്റെയും പരേതയായ ജയാദാസിന്റെയും പുത്രിയാണ് സുനന്ദ പുഷ്കര്‍. സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ തന്നെ പറഞ്ഞതോടെ ലോകം മുഴുവന്‍ സത്യത്തിന്റെ ചുരുളഴിയുന്നതിനായി കാത്തിരിക്കുകയാണ്.