സുഖചികിത്സയ്ക്ക് കൊണ്ടു പോകവെ ലോറിയില്‍ വീണ ആന ചരിഞ്ഞു
ഞായര്‍, 22 ജൂലൈ 2012 (10:06 IST)
PRO
PRO
സുഖചികിത്സയ്ക്ക് കൊണ്ടുപോകവേ ലോറിയില്‍ മസ്തകമിടിച്ച് വീണ ആന ചരിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ആന 14 മണിക്കൂറിനുശേഷമാണ് ചരിഞ്ഞത്. തോട്ടയ്ക്കാട് സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള 'കാര്‍ത്തികേയന്‍' എന്ന ആനയാണ് അപകടത്തില്‍പ്പെട്ടത്. തണ്ണീര്‍മുക്കത്തുനിന്ന് തോട്ടയ്ക്കാട്ടേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം. സംഭവത്തില്‍ ലോറിഡ്രൈവര്‍ സാജനെതിരെ നാട്ടാന പരിപാലനനിയമപ്രകാരം വനംവകുപ്പ് കേസെടുത്തു.
അതിവേഗത്തില്‍ പോകുകയായിരുന്ന ലോറി ബ്രേക്കിട്ടതിനെത്തുടര്‍ന്ന് ആനയെ ബന്ധിച്ചിരുന്ന തടിക്കഷണം ഒടിഞ്ഞതാണ് ആന വീഴാന്‍ കാരണം. ലോറിയുടെ ക്യാബിനില്‍ ആനയുടെ മസ്തകം ഇടിച്ച് മസ്തകത്തിന് ഗുരുതര പരുക്കേറ്റിരുന്നു.
ലോറിയുടെ ക്യാബിനില്‍ ആന മസ്തകം ഇടിച്ച് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം ലോറിയില്‍ ഉണ്ടായിരുന്നവരെ അറിയിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും അഗ്‌നിശമനസേനയും വനംവകുപ്പുമെത്തി. തളര്‍ന്ന് വീണ ആനയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പതിനൊന്ന് മണിക്കൂറിന് ശേഷം ആന ചരിയുകയായിരുന്നു.