സുകുമാരന്‍ നായര്‍ക്ക് മറുപടിയില്ല: ചെന്നിത്തല

ശനി, 27 ഏപ്രില്‍ 2013 (16:11 IST)
PRO
തനിക്കെതിരായി എന്‍ എസ്‌ എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയൊന്നും പറയുന്നില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്‍റെ മതനിരപേക്ഷ നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും രമേശ്‌ ചെന്നിത്തല അറിയിച്ചു.

സാമുദായിക നേതാക്കന്‍മാര്‍ പറയുന്നതിന്‌ ഞാന്‍ മറുപടി പറയാറില്ല. എനിക്ക്‌ ജനങ്ങളോടാണ് പ്രതിബദ്ധതയുള്ളത്‌ - ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല എന്‍ എസ് എസിനെ തള്ളിപ്പറഞ്ഞാല്‍ എന്‍ എസ് എസിന് ഒന്നും സംഭവിക്കില്ലെന്നും എന്നാല്‍ മറിച്ചായാല്‍ ചെന്നിത്തലയ്ക്ക് തെക്കുവടക്ക് നടക്കേണ്ടി വരുമെന്നും സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെന്നിത്തലയെ തങ്ങള്‍ കൈവിട്ടു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സുകുമാരന്‍ നായരും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തലയ്ക്കെതിരെ സുകുമാരന്‍ നായര്‍ രൂക്ഷമായി പ്രതികരിച്ചത്.

ഒരു ബട്ടണ്‍ ഇട്ടാല്‍ കേരളം മുഴുവന്‍ ചലിപ്പിക്കാന്‍ കഴിയുന്ന രണ്ട് സംഘടനകളാണ് ഞങ്ങളുടേത്. ഞങ്ങള്‍ വിചാരിച്ചാല്‍ എല്ലാ രാഷ്ട്രീയ സംഘടനകളെയും പാഠം പഠിപ്പിക്കാന്‍ കഴിയും. ഞങ്ങളെ മുഷിപ്പിച്ചാല്‍ അവര്‍ക്ക് അത് ദോഷം ചെയ്യും - സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക