സി പി ഐയില്‍ പൊട്ടിത്തെറി, വികാരാധീനനായി ദിവാകരന്‍

Webdunia
വ്യാഴം, 7 ഓഗസ്റ്റ് 2014 (21:15 IST)
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദം സി പി ഐയില്‍ വലിയ പൊട്ടിത്തെറികള്‍ സൃഷ്ടിക്കുന്നു. സംസ്ഥാന നിര്‍വാഹകസമിതിയോഗത്തില്‍ ദേശീയ നേതാവായ സി ദിവാകരന്‍ വികാരാധീനനായി. തന്നെ മാധ്യമങ്ങള്‍ പരസ്യ വിചാരണയ്ക്ക് വിധേയനാക്കുകയാണെന്നും പാര്‍ട്ടി അതിനെതിരെ പ്രതികരിക്കുന്നില്ലെന്നും സി ദിവാകരന്‍ പറഞ്ഞു. തനിക്കൊപ്പം ആരുമില്ലാത്ത അവസ്ഥയാണുള്ളതെന്നും സി ദിവാകരന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 1.87 കോടി രൂപയുടെ ഫണ്ട് ലഭിച്ചു എന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് നിര്‍വാഹകസമിതിയില്‍ വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ സുതാര്യമല്ലാത്ത ഒന്നും ഉണ്ടായിട്ടില്ലെന്നും പാര്‍ട്ടി അംഗങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിച്ചെടുത്തതാണെന്നുമായിരുന്നു വിശദീകരണം. ബെന്നറ്റ് ഏബ്രഹാമില്‍ നിന്ന് പണം സ്വീകരിച്ചിട്ടില്ലെന്നും സെക്രട്ടേറിയറ്റ് വിശദീകരിച്ചു.

തിരുവനന്തപുരം ജില്ലയുടെ ചുമതലയുണ്ടായിരുന്ന സി ദിവാകരനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി. ജില്ലാസെക്രട്ടറി വെഞ്ഞാറമ്മൂട് ശശിക്കെതിരെയും കനത്ത ആക്രമണമുണ്ടായി. വെഞ്ഞാറമ്മൂട് ശശി പരാജയമായി എന്നും സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ബെന്നറ്റ് ഏബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയാണെന്ന് വെഞ്ഞാറമ്മൂട് ശശി മറുപടി നല്‍കിയതായാണ് വിവരം.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംഘടനാവിരുദ്ധമായ കാര്യങ്ങള്‍ നടന്നു എന്നായിരുന്നു സി പി ഐയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ബെന്നറ്റ് ഏബ്രഹാമിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരുകോടി രൂപ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലഭിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സി ദിവാകരന്‍, പി രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമ്മൂട് ശശി എന്നിവര്‍ക്കെതിരെ നടപടിക്ക് അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെയും കമ്മീഷന്‍ വിമര്‍ശിച്ചിട്ടുണ്ട് എന്നാണറിയുന്നത്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് നിരക്കാത്ത പലതും നടന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. തിരുത്തല്‍ നടപടി വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.