എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ സിഎച്ച് അശോകന് (61) നാടിന്റെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച രാത്രി 10.40ന് റീജനല്‍ കാന്‍സര്‍ സെന്ററിലായിരുന്നു(ആര്‍സിസി) അന്ത്യം. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒന്‍പതാം പ്രതിയായ അശോകന്‍ സിപിഎം മുന്‍ ഒഞ്ചിയം ഏരിയ സെക്രട്ടറിയാണ്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ഇവിടെ പ്രവേശിപ്പിച്ചത്.
വിദ്യാര്‍ഥി ആയിരിക്കേ ഓര്‍ക്കാട്ടേരി സര്‍ക്കാര്‍ ഹൈസ്കൂളിലും മടപ്പള്ളി കോളജിലും പി ആര്‍ കുറുപ്പിന്റെ അനുയായി ആയി പ്രവര്‍ത്തിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കുറുപ്പ് പിളര്‍ത്തിയപ്പോള്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്എസ്ഒയിലെത്തി. മടപ്പള്ളി കോളജില്‍നിന്ന് ബിഎസ്സി ബിരുദം പൂര്‍ത്തിയാക്കി ലാന്‍ഡ് ട്രൈബ്യൂണല്‍ ജീവനക്കാരനായപ്പോള്‍ കമ്യൂണിസ്റ്റ് ആഭിമുഖ്യം പുലര്‍ത്തി.
വൈകാതെ എന്‍ ജിഒ യൂണിയന്‍ വടകര താലൂക്ക് സെക്രട്ടറിയായി. ലാന്‍ഡ് ട്രൈബ്യൂണല്‍ പിരിച്ചുവിട്ടപ്പോള്‍ വില്‍പ്പന നികുതി വകുപ്പിലെത്തി. രണ്ടുവട്ടം എന്‍ജിഒ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലെത്തി. 2007ല്‍ കോഴിക്കോട് സെയില്‍ ടാക്സ് ഓഫിസറായി സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം പാര്‍ട്ടിയില്‍ സജീവമായി. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി 2012 മേയ് 24നാണ് സിഎച്ച്. അശോകനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
മരണ വിവരം അറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, പി.കെ.ശ്രീമതി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.