സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നു: അമൃതാനന്ദമയി മഠം

ബുധന്‍, 27 മാര്‍ച്ച് 2013 (10:43 IST)
PRO
PRO
ബിഹാര്‍ സ്വദേശി സത്നാം സിംഗ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം നടത്താനുള്ള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ മാതാ അമൃതാനന്ദമയി മഠം സ്വാഗതം ചെയ്യുകയാണെന്നു മഠം വൈസ്‌ ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. ദുരൂഹതയ്ക്ക്‌ ഇട നല്‍കാതെ ഇക്കാര്യത്തില്‍ സത്യം പുറത്തുവരേണ്ടത്‌ അനിവാര്യമാണെന്നും സ്വാമി പറഞ്ഞു.

മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയതിന് പൊലീസ് അറസ്റ്റു ചെയ്ത സത്‌നാം സിംഗ് മരിച്ച കേസില്‍ ക്രൈംബ്രാഞ്ച്‌ രണ്ട് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുത്തിരുന്നു. സത്നാം സിംഗിനെ മര്‍ദിച്ച ജയില്‍ വാര്‍ഡര്‍ വിവേകാനന്ദന്‍, അറ്റന്‍ഡര്‍ അനില്‍ എന്നിവര്‍ക്കെതിരെയാണ്‌ കൊലക്കുറ്റത്തിന്‌ കേസെടുത്തത്‌. ഉടന്‍ തന്നെ ഇവരെ അറസ്റ്റു ചെയ്യും.

പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സത്നാം സിംഗ് മാനസീക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ചാണ് സത്നാം സിംഗിനെ ക്രൂരമായി മര്‍ദ്ദിച്ചത് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.

ജയില്‍പ്പുള്ളികള്‍ ആശുപത്രിയിലാകുമ്പോള്‍ അവര്‍ക്കൊപ്പം ജയില്‍ ജീവനക്കാരെയും നിയോഗിക്കാറുണ്ട്‌. ഇതനുസരിച്ചാണ് ജയില്‍ വകുപ്പിലെ താല്‍ക്കാലിക വാര്‍ഡറായ വിവേകാനന്ദനും അറ്റന്‍ഡറായ അനിലും ആശുപത്രിയില്‍ ഡ്യൂട്ടിക്ക്‌ നിയോഗിക്കപ്പെട്ടത്‌.

കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന്‌ ക്രൈംബ്രാഞ്ച്‌ സംഘം ആശുപത്രിയില്‍ തെളിവെടുപ്പ്‌ നടത്തിയിരുന്നു സത്നാം സിംഗിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച ദണ്ഡുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ആശുപത്രിയില്‍ നിന്ന്‌ പൊലീസ്‌ സംഘം കണ്ടെടുത്തിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക