സാമൂഹിക പ്രതിബദ്ധത ലക്‍ഷ്യമിട്ടുള്ള വിധി: ചെന്നിത്തല
ചൊവ്വ, 29 ഡിസംബര്‍ 2015 (13:57 IST)
സര്‍ക്കാരിന്‍റെ മദ്യനയം ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സാമൂഹിക പ്രതിബദ്ധത ലക്‍ഷ്യമിട്ടുള്ള വിധിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിധി സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല പ്രതികരിച്ചു.
മദ്യമെന്ന വിപത്തിനെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് കിട്ടിയ അംഗീകാരമാണ് മദ്യനയം ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെന്ന് മന്ത്രി കെ ബാബു പറഞ്ഞു. മദ്യനയം കോടതി ശരിവച്ചതില്‍ സന്തോഷമുണ്ടെന്നും ബാബു പറഞ്ഞു.
സാമൂഹിക നന്‍മ ലക്‍ഷ്യവച്ചാണ് മദ്യനയം കൊണ്ടുവന്നത്. സമൂഹത്തെയാകെ വലയിലാക്കി പിടിമുറുക്കിയിരിക്കുന്ന മദ്യമെന്ന വിപത്തിനെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മദ്യനയം വിവിധ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഒടുവില്‍ സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ് - കെ ബാബു പറഞ്ഞു.
വിധി മദ്യ ഉപഭോഗം കുറയ്ക്കാന്‍ സഹായകമാകും. എല്ലാ വിഭാഗവും ജനങ്ങളെയും സഹകരിപ്പിച്ച് ശക്തമായ ബോധവത്കരണം നടത്തും - ബാബു വ്യക്തമാക്കി.
യു ഡി എഫ് സര്‍ക്കാരിനെ ദുര്‍ബലമാക്കാനുള്ള ബാറുടകളുടെ ശ്രമം വിലപ്പോവില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പ്രതികരിച്ചു. നാടിനെ സ്നേഹിക്കുന്ന ജനതാല്‍പ്പര്യമുള്ളവര്‍ വിധിയെ സ്വാഗതം ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു. ഇത് കൂട്ടായ തീരുമാനമായിരുന്നു എന്നും അത് ശരിയായിരുന്നു എന്നും സുധീരന്‍ പറഞ്ഞു.
മദ്യനയത്തില്‍ സര്‍ക്കാര്‍ തീരുമാനം ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധി വന്നതോടെ സര്‍ക്കാരിലെ ചില മന്ത്രിമാര്‍ക്കെതിരെ ബാറുടമകള്‍ വരും ദിവസങ്ങളില്‍ നീക്കം നടത്തുമെന്ന് സൂചനകള്‍ വന്നിരുന്നു. ചില ബാറുടമകള്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. മുന്‍ മന്ത്രി കെ എം മാണി, എക്സൈസ് മന്ത്രി കെ ബാബു എന്നിവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ ബാറുടമകള്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ബാറുടമകള്‍ കൂടുതല്‍ വിരട്ടേണ്ടതില്ലെന്ന ശക്തമായ താക്കീതാണ് സുധീരന്‍ നല്‍കിയിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലമാക്കാനുള്ള ബാറുടകളുടെ ശ്രമം വിലപ്പോവില്ല. ജനങ്ങളുടെ പിന്തുണയോടെ മുന്നോട്ടുപോകുമെന്നും എന്തു പ്രതിസന്ധി വന്നാലും അതിനെ അതിജീവിക്കാന്‍ സര്‍ക്കാരിനു കഴിയുമെന്നും സുധീരന്‍ വ്യക്തമാക്കി.
സര്‍ക്കാരിന്‍റെ മദ്യനയം പെട്ടെന്നെടുത്ത തീരുമാനമല്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴേ മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. അതിന്റെ ചുവടുപിടിച്ചുള്ള തീരുമാനമാണിത് - സുധീരന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ എടുത്ത ഈ മാതൃകാപരമായ തീരുമാനം സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിവച്ചു. മദ്യ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരിക എന്ന നയത്തിന്റെ ഭാഗമാണ് സര്‍ക്കാരിന്റെ തീരുമാനം. അത് ശരിവച്ചുകൊണ്ടുള്ള ചരിത്രപ്രാധാന്യമുള്ള വിധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.