സംസ്ഥാനത്തിന്റെ ഭൗതിക പശ്ചാത്തല സൗകര്യങ്ങളെ ആധുനികവൽക്കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവ ഉദാരവൽക്കരണത്തിന്റെ ചുവടു പിടിച്ചുകൊണ്ടും മറ്റു സംസ്ഥാനങ്ങളുമായി മത്സരിച്ചും കോർപറേറ്റുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ സാധ്യമല്ലെന്നും കേരളപ്പിറവിയോട് അനുബന്ധിച്ചുള്ള സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ആദിവാസികൾ, പട്ടികവിഭാഗക്കാർ , പരമ്പരാഗത മേഖലയിൽ പണിയെടുക്കുന്നവര്‍ തുടങ്ങിയവരെയെല്ലാം കൈപിടിച്ചു നടത്തുകയും ദാരിദ്യ്രത്തിന്റെ തുരുത്തുകൾ ഇല്ലാതാക്കുക എന്നതുമാണ് ഈ സർക്കാരിന്റെ കർമപദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹികമായി നാം നേടിയ മുന്നേറ്റങ്ങളെ തകർക്കുന്നതിനായി നടക്കുന്ന എല്ലാ ശ്രമങ്ങളെയും ചെറുത്തുതോൽപിക്കണം. പുതിയകാലഘട്ടത്തിന്റെ വെല്ലുവിളികളെ ആർജവത്തോടെ ഏറ്റെടുക്കണം. അതിലൂടെ ഐക്യകേരള സങ്കൽപത്തെ ശക്തമാക്കിയും മതേതര ജനാധിപത്യ അഴിമതിരഹിത നവകേരളം കെട്ടിപ്പടുക്കാൻ ഒരുമിച്ചു പ്രതിജ്ഞചെയ്യണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.