സഹോദരിയുടെ തിരോധാനം: ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍‌വാസി അറസ്റ്റില്‍

വ്യാഴം, 14 മാര്‍ച്ച് 2013 (14:47 IST)
PRO
PRO
സഹോദരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍‌വാസി അറസ്റ്റില്‍. പീച്ചി മയിലാടും പാറയില്‍ പൂത്തലയ്ക്കല്‍ രാമചന്ദ്ര(55)നെ കൊലപ്പെടുത്തിയ കേസില്‍ അയല്‍ക്കാരനായ കൃഷ്ണത്ത്‌ വീട്ടില്‍ അയ്യപ്പന്‍മകന്‍ വാമനന്‍ എന്ന്‌ വിളിക്കുന്ന ബാഹുലേയ(58)നെ പോലീസ്‌ അറസ്റ്റുചെയ്തു. 15 വര്‍ഷത്തോളമായി രാമചന്ദ്രനും ബാഹുലേയനും തമ്മില്‍ നിലനിന്നിരുന്ന കുടുംബവഴക്കാണ് കൊലയ്ക്ക്‌ കാരണം.

ബാഹുലേയന്റെ സഹോദരി 15 വര്‍ഷം മുമ്പ്‌ രാമചന്ദ്രന്റെ കൂടെ ഇറങ്ങിപ്പോയിരുന്നു. അതിനുശേഷം ആറു മാസം കഴിഞ്ഞ്‌ രാമചന്ദ്രന്‍ തിരിച്ചുവന്നെങ്കിലും സഹോദരി എവിടെയാണെന്ന്‌ ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇതേചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്ക്‌ പതിവായിരുന്നുവത്രെ. രാമചന്ദ്രന്‍ മരിക്കുന്നതിന്‌ ഏതാനും മണിക്കൂറുകള്‍ മുമ്പും ബാഹുലേയനുമായി വഴക്ക്‌ നടന്നിരുന്നുവത്രെ.

രാത്രി എട്ട് മണിയോടെ വീട്ടില്‍ എത്തിയ രാമചന്ദ്രന്‍ തൊട്ടടുത്ത ക്ഷേത്രകുളത്തില്‍ കുളിച്ചുവരാം എന്ന്‌ പറഞ്ഞാണ്‌ വീട്ടില്‍നിന്നും പോയത്‌. പിന്നീട്‌ രാത്രി വീട്ടില്‍ എത്തിയില്ല. പിറ്റേന്ന്‌ രാവിലെ 7 മണിയോടെ രാമചന്ദ്രന്റെ മൃതദേഹം മുറിവുകളേറ്റ നിലയില്‍ വീടിന്‌ മുന്നിലെ റോഡില്‍ കാണപ്പെടുകയാണുണ്ടായത്‌. രാമചന്ദ്രനും ബാഹുലേയനും തമ്മില്‍ രാത്രി എട്ട് മണിക്ക്‌ ശേഷം വഴക്കുണ്ടായത്‌ തൊട്ടടുത്ത്‌ താമസിക്കുന്ന തങ്കച്ചന്‍ കണ്ടിരുന്നു. രാമചന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അഞ്ചോളം മുറിവുകള്‍ കണ്ടെത്തിയിരുന്നു. കൂടാതെ ആന്തരീക രക്തസ്രാവവും ഉണ്ടായതായി കണ്ടെത്തി.

രാമചന്ദ്രന്‍ ബാഹുലേയന്റെ ഭാര്യയെ തലേദിവസം എട്ടരയോടെ ചീത്ത വിളിച്ചതായും തുടര്‍ന്ന്‌ ബാഹുലേയനുമായി വഴക്ക്‌ നടന്നതായും തങ്കച്ചന്‍ സൂചന നല്‍കി. ബാഹുലേയന്റെ മര്‍ദ്ദനത്തെ തുടര്‍ ന്നാണ്‌ മരണം സംഭവിച്ചതെന്നാണ്‌ അന്വേഷണസംഘം വ്യക്തമാക്കി‌. രാമചന്ദ്രനെ തല്ലാന്‍ ഉപയോഗിച്ച കാഞ്ഞിരത്തിന്റെ വടി പോലീസ്‌ ബാഹുലേയന്റെ വീട്ടില്‍നിന്നും കണ്ടെടുത്തു.

വെബ്ദുനിയ വായിക്കുക