സരിത എസ് നായർ കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ എത്തിയിരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സരിതയുടെ കോയമ്പത്തൂർ സന്ദർശനം എന്തിനായിരുന്നു എന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ചോദിക്കുന്ന ഏറ്റവും പ്രധാന ചോദ്യം. താൻ കോയമ്പത്തൂരിൽ ചന്ദ്രനെയും സെൽവിയെയും ഏൽപ്പിച്ചിരുന്ന കവറിൽ നിന്ന് സിഡിയും പെൻഡ്രവും ആരോ മാറ്റിയെന്ന് ബിജു രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. ഇതും സരിതയുടെ കോയമ്പത്തൂർ സന്ദർശനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഇപ്പോൾ ഉയരുന്ന സംശയം.
ബിജു രാധാകൃഷ്ണൻ കോയമ്പത്തൂരിൽ ഏൽപ്പിച്ചതായി പറയുന്ന കവർ കണ്ടെടുക്കാൻ കമ്മീഷൻ അംഗങ്ങൾക്ക് കഴിഞ്ഞു. എന്നാൽ അതിൽ സി ഡിയോ പെൻ ഡ്രൈവോ ഉണ്ടായിരുന്നില്ല. ചന്ദ്രൻ എന്നയാൾ കൊടുത്തുവിട്ട ഒരു തുണി സഞ്ചിയാണ് ലഭിച്ചത്. ഈ തുണി സഞ്ചി താൻ കൊടുത്തതാണെന്നും ഇതിൽ സി ഡിയും പെൻ ഡ്രൈവും ഉണ്ടായിരുന്നു എന്നും ആരോ അതെല്ലാം മാറ്റിയെന്നും ബിജു രാധാകൃഷ്ണൻ പറഞ്ഞു.
കുറച്ചു സർട്ടിഫിക്കേറ്റുകളും സിം കാർഡുകളും മാത്രമാണ് ആ സഞ്ചിയിൽ ഉണ്ടായിരുന്നത്. സഞ്ചി സൂക്ഷിച്ചു എന്നുപറയപ്പെടുന്ന ചന്ദ്രനോ സെൽവിയോ നേരിട്ടല്ല സഞ്ചി കമ്മീഷന് മുമ്പിൽ കൊണ്ടുവന്നത്. മറ്റ് ചിലരുടെ കൈവശം കൊടുത്തുവിടുകയായിരുന്നു. ലഭിച്ച സഞ്ചിയുമായി ബിജു രാധാകൃഷ്ണനും ഉദ്യോഗസ്ഥ സംഘവും കേരളത്തിലേക്ക് തിരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം എന്ത് ആവശ്യത്തിനാണ് സരിത കോയമ്പത്തൂരിൽ എത്തിയത് എന്നത് വ്യക്തമല്ല. ഏഴാം തീയതി സോളാർ കമ്മീഷന് മുമ്പാകെ സരിത മൊഴി നൽകാൻ എത്തിയിരുന്നില്ല. തൊണ്ടവേദനയാണ് എന്നാണ് സരിത ഇതിന് കാരണമായി പറഞ്ഞത്. സരിതയുടെ കോയമ്പത്തൂർ സന്ദർശനവും സിഡിയോ പെൻഡ്രൈവോ അപ്രത്യക്ഷമായിട്ടുണ്ടെങ്കിൽ അതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതും ഇനി വരുന്ന ദിവസങ്ങളിൽ വെളിവാക്കപ്പെടേണ്ടതാണ്.
ബിജു രാധാകൃഷ്ണൻ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും കളവുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് പി സി ജോർജ് പ്രതികരിച്ചു. സരിത എന്തിനാണ് നാലുദിവസം മുമ്പ് കോയമ്പത്തൂർ സന്ദർശനം നടത്തിയതെന്ന് അന്വേഷിക്കണമെന്നും ജോർജ്ജ് ആവശ്യപ്പെട്ടു. അട്ടിമറിക്കുള്ള സാധ്യതയെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്നാണ് പി സി ജോർജ് ആവശ്യപ്പെട്ടിരിക്കുന്നത്.