സംസ്ഥാനത്ത് നാളെ എല്‍ ഡി എഫ് ഹര്‍ത്താല്‍

വെള്ളി, 13 മാര്‍ച്ച് 2015 (15:53 IST)
ശനിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ഇടതുമുന്നണി ആഹ്വാനം ചെയ്തു.  രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുമണി വരെയാണ്‌ ഹര്‍ത്താല്‍. ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ്‌ അവതരണത്തിനിടെ നിയമസഭയിലുണ്ടായ പ്രതിഷേധത്തില്‍ പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ക്കുനേരെ നടന്ന കയ്യേറ്റത്തില്‍ പ്രതിഷേധിച്ചാണ്‌ എല്‍ഡിഎഫ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. 
 
ഉച്ചയ്ക്കു ചേര്‍ന്ന അടിയന്തര ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. വനിതാ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കളെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ ഭരണപക്ഷം മര്‍ദ്ദിച്ചെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വനിത കൂട്ടായ്മ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. 
 
അതേസമയം, എല്‍.ഡി.എഫ്‌ ആഹ്വാനം ചെയ്‌തിരിക്കുന്ന ഹര്‍ത്താല്‍ നാണക്കേട്‌ മറയ്‌ക്കാനെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഹര്‍ത്താലിനെ നേരിടാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിനെ തുടര്‍ന്ന്‌ കെ.എം മാണിക്ക്‌ നാളെ നല്‍കാനിരുന്ന സ്വീകരണം മാറ്റിവെച്ചു. 
 
അതേസമയം, ബജറ്റ് അവതരണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഗവര്‍ണറെ കാണുന്നതിനും എല്‍ഡിഎഫ് തീരുമാനിച്ചു. നിയമസഭ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും നടപടികള്‍ പാലിച്ചില്ലെന്നും ഗവര്‍ണറെ അറിയിക്കും.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക