ഷാഹിന ഭീകരവാദിയാണെന്ന് കര്‍ണാടകം

തിങ്കള്‍, 29 നവം‌ബര്‍ 2010 (09:40 IST)
PRO
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായി, ജയിലില്‍ കഴിയുന്ന പിഡിപി നേതാവ്‌ അബ്ദുള്‍ നാസര്‍ മദനിക്കെതിരെ മൊഴികൊടുത്ത സാക്ഷികളെ പിന്‍മാറ്റാന്‍ ശ്രമിച്ചുകൊണ്ട് മദനിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ഏഷ്യാനെറ്റിന്റെ മുന്‍ ലേഖികയുമായ ഷാഹിനയ്ക്കെതിരെ കര്‍ണാടക പൊലീസ് രണ്ട് കേസുകള്‍ ചാര്‍ജ്ജുചെയ്തിരിക്കുന്നു. മദനിക്കെതിരെ മൊഴി നല്‍കിയതായി പോലിസ്‌ അവകാശപ്പെടുന്ന സാക്ഷികളെ, ഷാഹിന ഇപ്പോള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന തെഹല്‍‌ക എന്ന മാസികയ്ക്ക് വേണ്ടി, നേരില്‍ ചെന്നുകണ്ടു റിപോര്‍ട്ട്‌ തയ്യാറാക്കിയ സംഭവത്തെ കേന്ദ്രീകരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

മദനിയെ അറസ്റ്റ്‌ ചെയ്തു ജയിലിലടയ്ക്കാന്‍ കര്‍ണാടക പോലിസ്‌ തെളിവായി ഉന്നയിച്ചവയില്‍ പ്രധാനം കെകെ യോഗാനന്ദ്‌, കെ റഫീഖ്‌ തുടങ്ങിയ കുടക്‌ സ്വദേശികളുടെ മൊഴിയായിരുന്നു. സ്ഫോടനം ആസൂത്രണം ചെയ്യാന്‍ കേസിലെ ഒന്നാംപ്രതി തടിയന്റവിട നസീര്‍ കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ സംഘടിപ്പിച്ചതായി പറയുന്ന ക്യാമ്പില്‍ മദനി പങ്കെടുത്തതായി ഇവര്‍ മൊഴി നല്‍കിയെന്നാണു പോലിസ്‌ ഭാഷ്യം. ഇവരുടെ മൊഴി ആസ്പദമാക്കിയായിരുന്നു ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ്‌ കോടതി മദനിക്ക് ജാമ്യം നിഷേധിച്ചത്‌. എന്നാല്‍, സാക്ഷികളെ നേരില്‍ ചെന്നുകണ്ട ഷാഹിനയോട്‌, മഅ്ദനിക്കെതിരായി മൊഴി നല്‍കിയെന്ന പോലിസിന്റെ അവകാശവാദം ഇവര്‍ നിഷേധിക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള റിപോര്‍ട്ട്‌ ടെഹല്‍കയുടെ പുതിയ ലക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്

മൊഴികൊടുത്ത റഫീഖിനേയും യോഗാനന്ദനേയും ഭീഷണിപ്പെടുത്തി പിന്‍മാറ്റാന്‍ ശ്രമിച്ചു എന്ന ആരോപിച്ചാണ് കേസ്. ഷാഹിനയ്ക്കും കണ്ടാലറിയാവുന്ന മറ്റുനാലുപേര്‍ക്കുമെതിരെയാണ് കേസ്. ഒപ്പമുള്ള നാലുപേര്‍ കോഴിക്കോടുള്ള പി.ഡി.പി പ്രവര്‍ത്തകരാണെന്ന് സംശയമുണ്ടെന്നാണ് ബാംഗ്ലൂര്‍ സിറ്റി പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപി പ്രവര്‍ത്തകനായ യോഗാനന്ദിന്‌ മദനിക്കേസില്‍ താന്‍ സാക്ഷിയാണെന്ന കാര്യം പോലും അറിയില്ലെന്നു ഷാഹിന പറയുന്നു. മറ്റൊരു സാക്ഷിയായ റഫീഖാവട്ടെ, തന്നെ നിര്‍ബന്ധിച്ചു മദനിക്കെതിരേ മൊഴി നല്‍കിക്കുകയായിരുന്നു പോലിസെന്നാണ്‌ ഷാഹിനയോടു പറഞ്ഞത്‌. ലക്കേരി എസ്റ്റേറ്റില്‍ തൊഴിലാളിയായ തന്നെ 2008-ല്‍ അറസ്റ്റ്‌ ചെയ്തു 15 ദിവസം പീഡിപ്പിച്ചതായി ഇയാള്‍ പറഞ്ഞു. വൈദ്യുതാഘാതമേല്‍പ്പിക്കുന്നതടക്കമുള്ള പീഡനമുറകളെ തുടര്‍ന്നാണു താന്‍ മദനിക്കെതിരേ മൊഴി നല്‍കിയതെന്നും ഇയാള്‍ വ്യക്തമാക്കി. മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്നും കര്‍ണാടക പോലിസ്‌ ഭീഷണിപ്പെടുത്തിയത്രേ.

മദനിക്കെതിരെ കര്‍ണാടക പോലീസ് മുഖ്യസാക്ഷിയായി അവതരിപ്പിക്കാനിരുന്ന ജോസ് വര്‍ഗീസിന്റെ അഭിമുഖം ഷാഹിന തെഹല്‍കയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ‘ബാംഗ്ലൂര്‍ സ്‌ഫോടനം കര്‍ണാടക പോലീസിനെതിരെ മുഖ്യസാക്ഷി’ എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ കര്‍ണാടക പോലീസ് ജോസ് വര്‍ഗീസിനെ കള്ള സാക്ഷിയാകാന്‍ പ്രേരിപ്പിക്കുകയാണെന്ന് ജോസ് പറഞ്ഞിരുന്നു. ഇത് പുറത്തുകൊണ്ടുവന്നതും തെഹല്‍‌ഹയിലെ പുതിയ ലേഖനവുമാണ് ഷാഹിനയ്ക്ക് വിനയായതെന്നാണ് സൂചന. സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകയെ ഭീകരവാദിയായി ചിത്രീകരിച്ച് ജയിലിലടക്കാന്‍ ശ്രമിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിഷ്പക്ഷമതികള്‍ പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ നടപടിയില്‍, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പത്രപ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ്.

വെബ്ദുനിയ വായിക്കുക