ഷാനിമോള്‍ ഉസ്‌മാന്‍റെ കത്ത് തന്നെ മാനസികമായി വേദനിപ്പിച്ചു എന്ന് കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍. കെട്ടുകഥകള്‍ക്കൊണ്ട് തന്നെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഒരു ശക്തി പ്രവര്‍ത്തിച്ചു എന്നും നിലവിലെ സംഭവങ്ങള്‍ കൂട്ടിവായിച്ചാല്‍ അത് ആരാണെന്ന് മനസിലാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബസദസുകളിലും പൊതുവേദികളിലും ഇടതുപക്ഷം ഉപയോഗിച്ച് ഉപേക്ഷിച്ച ആരോപണങ്ങളാണ് ഷാനിമോള്‍ ഉസ്മാന്‍ കെ പി സി സി നിര്‍വാഹകസമിതി യോഗത്തില്‍ ഉന്നയിച്ചത്. എന്‍റെ ജീവിതം ജനങ്ങളുടെ മുമ്പിലാണ്. ഇത്തരം കെട്ടുകഥകള്‍ക്ക് മുമ്പില്‍ തകര്‍ന്നുപോകില്ല - വേണുഗോപാല്‍ പറഞ്ഞു.
ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഏറെക്കാലമായി അറിയാവുന്ന ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഇത് എനിക്ക് വേദനയുണ്ടാക്കി - വേണുഗോപാല്‍ പറഞ്ഞു.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ വി എം സുധീരന്‍റെ നിലപാടുകള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.