വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

വ്യാഴം, 21 ജൂലൈ 2011 (16:18 IST)
PRO
PRO
രണ്ടാഴ്ച മുമ്പ് കാണാതായ ഗള്‍ഫ് വ്യവസായിയുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല സ്വദേശി സലിമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടിമുറിച്ച് ഒമ്പത് പാക്കറ്റുകളിലാക്കിയ മൃതദേഹം ആറ്റിങ്ങലിലെ പൊട്ടക്കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് സലിമിന്റെ സുഹൃത്ത് ഷരീഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗള്‍ഫില്‍ സലിമിന്റെ ബിസിനസ്സ് പങ്കാളിയാണ് ഷരീഫ്. ഇവര്‍ അടുത്തടുത്ത ദിവസങ്ങളിലാണ് നാട്ടിലെത്തിയത്.

രണ്ടാഴ്ച മുമ്പ് കല്ലമ്പലത്ത് പുതിയ വീടിന്റെ പണി നടക്കുന്ന സ്ഥലത്തേക്ക് കാറില്‍ പുറപ്പെട്ട സലിം പിന്നെ തിരിച്ചുവന്നില്ല. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചുവരികയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഷരീഫിന്റെ പേര് പരാമര്‍ശിച്ചിരുന്നു. സലിമിനെ കാണാതായതിന്റെ രണ്ടാം ദിവസം തന്നെ ഷരീ‍ഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ
വീണ്ടും വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സലീം കൊല്ലപ്പെട്ടതായി മനസ്സിലായത്.

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഷരീഫിന്റെ വീ‍ടിന് സമീപത്തെ പൊട്ടക്കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം പായ്ക്കറ്റുകളിലാക്കി നിക്ഷേപിച്ചതിന് ശേഷം മണ്ണിട്ട് മൂടുകയാണ് ചെയ്തത്. വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.

വെബ്ദുനിയ വായിക്കുക