വൈദ്യുതി നിരക്ക്‌ വര്‍ധന വികസനത്തെ പിറകോട്ടടിക്കും: പിണറായി

വ്യാഴം, 26 ജൂലൈ 2012 (15:27 IST)
PRO
PRO
വൈദ്യുതി നിരക്ക്‌ വര്‍ധന ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വികസനത്തെ പിറകോട്ടടിക്കുമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇത്തരത്തില്‍ വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിച്ചാല്‍ എമര്‍ജിംഗ്‌ കേരള നടത്തിയാലും കേരളത്തിലേക്ക്‌ വ്യവസായങ്ങളൊന്നും വരാനിടയില്ല. വന്‍തോതില്‍ വികസനത്തെ പിന്നോട്ടടിക്കുന്ന ഈ നടപടിക്കെതിരെ ജനകീയ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളിലും വന്‍ വര്‍ധനവാണ്‌ വരുത്തിയിരിക്കുന്നത്‌. ജൂലൈ ഒന്നു മുതല്‍ 2013 മാര്‍ച്ച്‌ 31 വരെയാണ്‌ ഈ നിരക്ക്‌ വര്‍ധനമെന്നാണ്‌ റെഗുലേറ്ററി കമ്മീഷന്റെ വിശദീകരണം. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക്‌ നിലവില്‍ വരുമെന്നാണ്‌ ഇതിന്റെ അര്‍ഥം. നിയമസഭാ സമ്മേളന കാലയളവില്‍ തന്നെ നിരക്ക്‌ വര്‍ധനയ്‌ക്കുള്ള വിജ്‌ഞാപനം തയ്യാറാക്കി വച്ചിരുന്നു. അംഗങ്ങളുടെ എതിര്‍പ്പ്‌ ഭയന്ന്‌ സമ്മേളനം അവസാനിച്ചശേഷമാണ്‌ നിരക്ക്‌ വര്‍ധന പുറത്തുവിട്ടതെന്നും പിണറായി ആരോപിച്ചു.

സംസ്ഥാനത്തെ പ്രധാന നഗരകേന്ദ്രങ്ങളില്‍ വ്യാഴാഴ്ച വൈകിട്ടും വെള്ളിയാഴ്ച വൈദ്യുതി ഓഫീസുകളിലേക്കും ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും പിണറായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക