ചലച്ചിത്ര സംവിധായകൻ മോഹൻരൂപിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. 1984 ൽ മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവരെ ഒന്നിച്ചഭിനയിപ്പിച്ച 'വേട്ട' യാണ് മോഹന്‍രൂപിന്റെ ആദ്യ ചിത്രം. വേട്ടയുടെ രചനയും നിർമ്മാണവും സംവിധാനവും അദ്ദേഹം തന്നെയായിരുന്നു.
നൂറിലധികം ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും സംഗീത ആൽബങ്ങളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള മോഹൻരൂപ് ഭാരതീയ ലളിതകലാ അക്കാദമിയുടെ 'ഡോ. അംബേദ്കര്‍' ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്. തെരുവില്‍ ജീവിക്കുന്ന മനുഷ്യരുടെ പച്ചയായ ജീവിതം ആവിഷ്കരിച്ച 'തൂതുവന്‍' എന്ന തമിഴ് സിനിമയാണ് മോഹന്‍രൂപിന് ഡോ. അംബേദ്കര്‍' പുരസ്കാരം നേടിക്കൊടുത്തത്.
വര്‍ഷങ്ങള്‍ പോയതറിയാതെ, എക്സ്‌ക്യൂസ് മീ ഏതു കോളേജിലാ, സ്പര്‍ശം, ശില്‍പി, കണ്‍കള്‍ അറിയാമല്‍, തൂതവന്‍ എന്നിവയാണ് മറ്റു അദ്ദേഹത്തിന്റെ മറ്റുചിത്രങ്ങൾ. വളര്‍ത്തുമൃഗങ്ങളോട് മനുഷ്യന്‍ കാട്ടുന്ന ക്രൂരതകളെ പ്രമേയമാക്കി മലയാളത്തിലും തമിഴിലുമായി 'ഉരു' എന്ന പേരിലുള്ള ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മോഹൻരൂപ്.