വെള്ളാപ്പള്ളി ഇടയുന്നു; നെയ്യാറ്റിന്‍‌കരയില്‍ യുഡിഎഫിന് പണികൊടുക്കും!

ബുധന്‍, 28 മാര്‍ച്ച് 2012 (16:52 IST)
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യുഡിഎഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ നെയ്യാറ്റിന്‍‌കരയിലെത്തുമ്പോള്‍ കഥ മാറുകയാണ്. നെയ്യാറ്റിന്‍കരയില്‍ എസ്എന്‍ഡിപി യുഡിഎഫിനെ തുണയ്ക്കാന്‍ സാധ്യത വിരളമാണ് എന്നാണ് വെള്ളാപ്പള്ളി നടേശന്റെ ഇപ്പോഴത്തെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നത്.

പിറവത്ത്‌ വിജയിച്ചത്‌ പോലെ നെയ്യാറ്റിന്‍കരയില്‍ ഒരു വിജയം യു ഡി എഫ് പ്രതീക്ഷിക്കേണ്ടതില്ല. സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം തുടരാനാണ് ഭാവമെങ്കില്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വിവരമറിയും. ഭരണം ഒരു സമുദായം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മന്ത്രിമാരില്‍ 12 പേരും ന്യൂനപക്ഷക്കാരാണ്. കോര്‍പ്പറേഷനുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രിസ്ത്യാനികളും മുസ്ലിംങ്ങളും മാത്രമല്ല കേരളത്തില്‍ ജീവിക്കുന്നത്. എല്ലാവരുടേയും വോട്ടുവാങ്ങിയാണ് ന്യൂനപക്ഷക്കാര്‍ ജയിച്ചതെന്ന ഓര്‍മ്മ വേണം- വെള്ളാപ്പള്ളി പറയുന്നു.

സര്‍ക്കാര്‍ ഇതേ നിലപാടുമായി മുന്നോട്ടുപോയാല്‍ ഭൂരിപക്ഷം മറുവശത്തായിരിക്കും എന്നും വെള്ളപ്പള്ളി ഭീഷണി മുഴക്കി. എംഎല്‍എ സ്ഥാനം രാജിവച്ച് സിപിഎം വിട്ട ആര്‍ ശെല്‍‌വരാജ് ആയിരിക്കും നെയ്യാറ്റിന്‍‌കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്ന സൂചനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് എസ്എന്‍ഡിപി ഈ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക