വീട്ടിലെ മാലിന്യം പൊതുകുളത്തില്‍, നാട്ടുകാര്‍ ഇടയുന്നു
വ്യാഴം, 28 ഫെബ്രുവരി 2013 (20:24 IST)
PRO
പൊതുകുളത്തിലേയ്ക്ക് സ്വകാര്യവ്യക്തിയുടെ വീടിനുള്ളിലെ മാലിന്യങ്ങള്‍ പുറംതള്ളുന്നതായി പരാതി. ഉഴവൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ നിരവധി കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കൊപ്രാക്കുളത്തിലേയ്ക്കാണ് സമീപവാസിയായ വ്യക്തിയുടെ വീട്ടിലെ മാലിന്യങ്ങള്‍ കുളത്തിനരികിലുളള ചാലിലേക്ക് തുറന്നുവിട്ടിരിക്കുന്നത്.
ഈ ചാലിലൂടെയാണ് കുളത്തിലേയ്ക്ക് മഴക്കാലങ്ങളില്‍ സമീപ ചെറിയ തോടുകളില്‍നിന്ന് വെള്ളം കുളത്തിലെത്തുന്നത്. ഇതുപോലെതന്നെ കുളം നിറഞ്ഞ് ബാക്കിയുള്ള വെള്ളം ഒഴുകുന്നതും ഈ ചാലിലൂടെ തന്നെയാണ്. വര്‍ഷങ്ങളായി മാലിന്യങ്ങള്‍ നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ നിവേദനങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയിരുന്നു.
നാട്ടുകാരുടെ ആവശ്യം പരിഗണിച്ച പഞ്ചായത്ത് കമ്മറ്റി കുളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുകള്‍ അനുവദിക്കുകയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് സമീപത്തെ വീടിന്റെ ഉളളില്‍നിന്ന് മലിനജലം ഒഴുക്കുന്ന പൈപ്പുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
അടിയന്തിരമായി കുളത്തിലേക്ക് മലിനജലം ഒഴുക്കുന്ന സ്വകാര്യവ്യക്തിക്കെതിരെ നിയമനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോള്‍ രേഖാമൂലമുളള പരാതി ഉണ്ടെങ്കില്‍ മാത്രമേ നടപടി എടുക്കുവാന്‍ സാധിക്കുകയുളളൂ എന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.