വീട്ടമ്മയെ രക്ഷിക്കാനിറങ്ങിയ മകനടക്കം മൂന്നുപേര്‍ കിണറ്റില്‍ കുടുങ്ങി

ശനി, 18 മെയ് 2013 (16:45 IST)
വീട്ടുവളപ്പിലെ കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷിക്കാനിറങ്ങി കിണറ്റില്‍ കുടുങ്ങിയ മകനടക്കമുള്ള മൂന്ന് യുവാക്കളേയും വടക്കാഞ്ചേരി അഗ്നിശമന സേനാഅംഗങ്ങളെത്തി രക്ഷപ്പെടുത്തി.

ചിറ്റണ്ട പടിഞ്ഞാറ്റുമുറി വീട്ടില്‍ രാമന്റെ ഭാര്യ ശാന്ത(50)യാണ്‌ ഇന്നലെ കാലത്ത്‌ വീട്ടുവളപ്പിലെ 40 അടി താഴ്ചയുള്ള കിണറില്‍നിന്ന്‌ വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വീണത്‌. ഉടന്‍തന്നെ ഇവരെ രക്ഷിക്കാന്‍ മകന്‍ മോഹനന്‍(40)കിണറ്റില്‍ ഇറങ്ങുകയായിരുന്നു. മോഹനനും കിണറില്‍ കുടുങ്ങിയതോടെ അയല്‍വാസികളായ കുട്ടപ്പന്‍, ബാബു എന്നിവരും കിണറ്റിലിറങ്ങി. ഇവര്‍ക്കും കയറാനാകാതായതോടെയാണ്‌ അഗ്നിശമന സേനയെ വിവരമറിയിച്ചത്‌.

സ്റ്റേഷന്‍ ഓഫീസര്‍ പി മധുവിന്റെ നേതൃത്വത്തില്‍ സ്ഥലത്ത്‌ കുതിച്ചെത്തിയ സേനാംഗങ്ങള്‍ കിണറ്റിലേയ്ക്ക്‌ ഇട്ട്‌ നല്‍കിയ പ്രത്യേക വടത്തിലൂടെ കുട്ടപ്പനും, ബാബുവും കരയ്ക്ക്‌ കയറി ശാന്തയേയും, മോഹനനേയും നെറ്റിലൂടെയാണ്‌ പുറത്തെടുത്തത്‌. കിണറ്റില്‍ 3 അടിയോളം താഴ്ചയില്‍ വെള്ളമുണ്ടായിരുന്നു. സംഭവം അറിഞ്ഞ്‌ നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു.

വെബ്ദുനിയ വായിക്കുക