വി എസ് പാര്‍ട്ടി വിരുദ്ധന്‍: ഗോപി കോട്ടമുറിക്കല്‍

വ്യാഴം, 28 ജൂണ്‍ 2012 (09:06 IST)
PRO
PRO
സംസ്ഥാന നേതൃത്വത്തെയും സംസ്ഥാന സെക്രട്ടറിയെയും അനുസരിക്കാത്ത പ്രതിപക്ഷ നേതാവ് വി എസ്‌ അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന് സി പി എം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍. എറണാകുളം ജില്ലയിലെ വിഭാഗീയതയ്ക്ക് കാരണക്കാരന്‍ വി എസ് ആണ്. ജില്ലയില്‍ വിഭാഗീയത വളര്‍ത്തിയ വി എസിന് പാര്‍ട്ടിയില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റുകാരനെന്നു പറഞ്ഞു നടക്കാന്‍ വി എസിന് അവകാശമില്ല. അതുകൊണ്ട്‌ സംഘടനയില്‍ തുടരാന്‍ വിഎസിന്‌ അവകാശമില്ലെന്നും ഗോപി കോട്ടമുറിക്കല്‍ അഭിപ്രായപ്പെട്ടു. തനിക്കും മറ്റു രണ്ടുപേര്‍ക്കുമെതിരെയുമുള്ള ശിക്ഷാനടപടികള്‍ അംഗീകരിക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളോടു മൂന്നുപേരോടും ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കേണ്ടന്നാണ് ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ ഫോണില്‍ വിളിച്ച്‌ അറിയിച്ചത്‌. ഇതില്‍ തനിക്കു പരിഭവമൊന്നുമില്ലെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

തങ്ങള്‍ക്കെതിരെ ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിച്ച കുറ്റപത്രം കാണാനുള്ള അവകാശം ജില്ലാ നേതൃത്വത്തിന്‌ അനുവദിക്കാമായിരുന്നു. എസ്‌ ശര്‍മയുടെയും കെ ചന്ദ്രന്‍പിള്ളയുടെയും നേതൃത്വത്തിലുള്ള സംഘമാണ്‌ ഇപ്പോള്‍ ജില്ലാ കമ്മിറ്റി ഭരിക്കുന്നതെന്നു കോട്ടമുറിക്കല്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക