വി എസ് പാര്‍ട്ടിയിലെ രണ്ടാമന്‍: സുധാകരന്‍

തിങ്കള്‍, 16 ഫെബ്രുവരി 2009 (10:37 IST)
ആലപ്പുഴ: ജ്യോതിബസു കഴിഞ്ഞാല്‍ സി പി എമ്മിലെ രണ്ടാമനാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെന്ന് സഹകരണമന്ത്രി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ പുറക്കാട് സ്ഥാപിക്കുന്ന ഐ ടി പാര്‍ക്കിന്‍റെ ശിലാസ്ഥാപനച്ചടങ്ങില്‍ സംസാരിക്കവേയാണ് വി എസിനെ സുധാകരന്‍ പുകഴ്ത്തിയത്.

പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ഈ ചടങ്ങിന്‍റെ ഉദ്ഘാടനത്തിനായി അമ്പലപ്പുഴയിലെത്തിയ വി എസ് അച്യുതാനന്ദന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. വി എസിന് ലഭിക്കുന്ന മുദ്രാവാക്യം കേട്ട് ആവേശഭരിതനായ മന്ത്രി ജി സുധാകരന്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുകയായിരുന്നു.

ഒരു സാധാരണ തൊഴിലാളി പ്രവര്‍ത്തകനായാണ് വി എസ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ അദ്ദേഹം പൊളിറ്റ് ബ്യൂറോയില്‍ അംഗമാണ്. മുതിര്‍ന്ന നേതാവ്‌ ജ്യോതിബസുവിനു ശേഷം സി പി എമ്മില്‍ രണ്ടാമനാണ്‌ വി എസ്‌. വി എസിന്‍റെ അധ്വാനഫലമാണ്‌ അമ്പലപ്പുഴയിലെ ഐ ടി പാര്‍ക്ക് - സുധാകരന്‍ പറഞ്ഞു.

വി എസ് വേദിയില്‍ കയറിയപ്പോള്‍ മുദ്രാവാക്യം മുഴക്കാനാരംഭിച്ച അണികള്‍ അദ്ദേഹം കാറില്‍ കയറി മടങ്ങും വരെ അതു തുടര്‍ന്നു. ഇടയ്ക്ക് മുദ്രാവാക്യം വിളി അതിര് ലംഘിച്ചപ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാനും വി എസ് തയ്യാറായി. "പ്രസംഗത്തിന്‍റെ തുടക്കത്തിലും ഒടുക്കത്തിലും മുദ്രാവാക്യം വിളി ആകാം. എന്നാല്‍ ഇടയ്ക്കുള്ള ഈ മുദ്രാവാക്യം വിളി അത്ര നല്ലതല്ല" - വി എസ് അണികളെ ഓര്‍മ്മിപ്പിച്ചു.

അഞ്ച്‌ വര്‍ഷത്തിനുളളില്‍ ഐ ടി മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്ക്‌ തൊഴില്‍ നല്‍കുകയാണ്‌ സര്‍ക്കാരിന്‍റെ ലക്‍ഷ്യം. കൊല്ലത്ത്‌ ടെക്‌നോപാര്‍ക്കിനൊപ്പം ടെക്‌നോ സിറ്റിയും സ്ഥാപിക്കും. ചേര്‍ത്തലയില്‍ മറ്റൊരു ഐ ടി പാര്‍ക്കിന്‌ ഈ മാസം 22ന്‌ തറക്കല്ലിടും - മുഖ്യമന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക