സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തില്ലെങ്കില്‍ പിന്നെ ആരാണ് നവകേരളം നിര്‍മ്മിക്കുകയെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ചോദിച്ചു.
കേരളരക്ഷാ മാര്‍ച്ചിനിടെ ഇടുക്കിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. നവകേരളയാത്രയുടെ സമാപനസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ലെങ്കില്‍ നവകേരള മാര്‍ച്ചിന്‍റെ ഗ്യാസ് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പിണറായി പറയണം. ലാവ്‌ലിന്‍ കേസ് വഴിതിരിച്ചു വിടാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, വി എസ് അച്യുതാനന്ദന്‍ നവകേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണാമെന്നാണ് ചോദ്യങ്ങള്‍ക്ക് മറുപടിയായി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
നവകേരള മാര്‍ച്ചില്‍ വി എസ് പങ്കെടുക്കുമോയെന്ന കാര്യത്തില്‍ സസ്‌പെന്‍സ് ഇല്ലെന്നും, ഇന്ന് നമുക്കതു കാണാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമ്യൂണിസ്റ്റുകാര്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് പാര്‍ട്ടി നിലപാടുകള്‍ക്ക് വിധേയമായാണെന്നും പിണറായി വ്യക്തമാക്കിയിരുന്നു.